നഗരമധ്യത്തിലെ യുവതിയുടെ കൊല; തെളിവിനായി ഇരുട്ടിൽതപ്പി പൊലീസ്
text_fieldsതിരുവനന്തപുരം: പട്ടാപ്പകല്‍ നഗരമധ്യത്തില്‍ യുവതിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ആൾതാമസമുള്ള പ്രദേശത്ത് കൃത്യം നടന്നിട്ടും പ്രതികളെ സംബന്ധിച്ച് യാതൊരു തുമ്പും കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പൊലീസിന് ലഭിച്ചില്ല.
അമ്പലംമുക്ക്-കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനിതയെയാണ് (38) ഞായറാഴ്ച ഉച്ചയോടെ കടയ്ക്കുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഫോറൻസിക്, വിരലടയാള വിദഗ്ധർ സാമ്പ്ൾ ശേഖരിച്ചു.
കൊല നടന്ന സമയത്തോ അതിനു മുമ്പോ വിനിതയുടെ കരച്ചിലോ ബഹളമോ തൊട്ടടുത്ത വീടുകളിലുള്ളവര്‍ കേട്ടില്ല. അതിനാല്‍ പ്രതി യുവതിക്ക് പരിചയമുള്ള ആളാകാനാണ് സാധ്യത. വിനീതയുടെ കഴുത്തിലെ നാലരപവന്റെ മാല കാണാനില്ലെന്ന് മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും മോഷണശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. ബാഗിലുണ്ടായിരുന്ന ഇരുപത്തയ്യായിരത്തോളം രൂപയും കടയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടില്ല. കൊലപാതകം നടന്ന സ്ഥാപനത്തിലോ പരിസരങ്ങളിലോ മതിയായ നിരീക്ഷണ കാമറ ഇല്ലാത്തതും പൊലീസിനെ കുഴക്കുന്നു.
എതിരെയുള്ള കടയില്‍ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ച ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ ഇത് പ്രവര്‍ത്തിച്ചിരുന്നില്ല. പേരൂര്‍ക്കട പൊലീസ് പ്രദേശത്തെ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന തുടരുകയാണ്. എതിര്‍വശത്ത് അൽപം മാറി മറ്റൊരു കെട്ടിടത്തില്‍ ക്യാമറയുണ്ടെങ്കിലും കൊലപാതകം നടന്ന സ്ഥലം പതിയുംവിധമല്ല സ്ഥാപിച്ചിരിക്കുന്നത്. മൊബൈൽ ടവറും വിനീതയുടെ മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ഫോണ്‍ രേഖയില്‍ ഞായറാഴ്ച വീട്ടുകാരുടെയും സ്ഥാപന ഉടമയുടെയും കോളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തു. സാധാരണ ഞായറാഴ്ച ദിവസങ്ങളില്‍ ഇയാളാണ് ചെടികള്‍ നനയ്ക്കുന്നതിന് എത്തിയിരുന്നത്. ഇയാൾക്ക് പകരമാണ് ഞായറാഴ്ച വിനിത കടയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.