യുവതിയുടെയും കുഞ്ഞിന്റെയും കൊലപാതകം; മാഹീൻകണ്ണിനെ സംശയിക്കാൻ കാരണം വിദ്യയുടെ കുറിപ്പ്
text_fieldsതിരുവനന്തപുരം: മാഹീൻകണ്ണിലേക്ക് ആദ്യം മുതൽ സംശയമെത്താൻ കാരണം വിദ്യ (ദിവ്യ) യുടെ കുറിപ്പ്. 'അണ്ണൻ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല. അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണുള്ളതെന്ന്' വിദ്യ നോട്ട്ബുക്കിൽ കുറിച്ച വരികളാണ് 11 വർഷത്തിനുശേഷം പ്രതി മാഹീൻകണ്ണ് തന്നെയാണെന്ന് ഉറപ്പിക്കാൻ സഹായകമായത്. ഭാര്യയും കുട്ടികളുമുണ്ടായിരുന്ന മാഹീൻകണ്ണ് വിദ്യയെയും മകളെയും ഒഴിവാക്കാനാണ് തമിഴ്നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത്.
മത്സ്യക്കച്ചവടക്കാരനായിരുന്ന മാഹീൻകണ്ണിനെ ചന്തയിൽവെച്ചാണ് വിദ്യ പരിചയപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുന്നതിനിടെ വിദ്യ പെൺകുഞ്ഞിന് ജന്മം നൽകി. പിന്നീടാണ് മാഹീൻകണ്ണ് വിവാഹിതനാണെന്ന് അറിയുന്നതും പരസ്പരം വഴക്കിലാകുന്നതും. വിദ്യയെ ഒഴിവാക്കാൻ ഭാര്യയുമായി കൂടിയാലോചിച്ചാണ് മാഹീൻകണ്ണ് കൊലപാതകം ആസൂത്രണം ചെയ്തതത്രെ. 'എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല. എനിക്കും വാവക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് (മാഹീൻകണ്ണ്) കാരണം' -വിദ്യ എഴുതി.
ഇതുകണ്ടാണ് വീട്ടുകാരുടെ സംശയം വർധിച്ചത്. വിദ്യയെ കാണാതായ 2011 ആഗസ്റ്റ് 18ന് മാതാവ് രാധ നിരവധി തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മാഹീന്‍കണ്ണാണ് ഫോൺ എടുത്തത്. ഫോൺ വിദ്യക്ക് കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിന് ഹോട്ടലിൽനിന്ന് ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി. അപ്പോൾ മുതൽ മാഹീൻകണ്ണിൽ രാധക്ക് സംശയം ഉയർന്നു. നാലാംദിവസം കുടുംബം പരാതി നൽകി.
മാഹീന്‍ കണ്ണിനെ സംശയമുണ്ടെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. വിദ്യ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മാഹീൻകണ്ണിനെ വിശ്വസിച്ച പൊലീസ് കുടുംബം ഉന്നയിച്ച കാര്യങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ചതുമില്ല.
വിദ്യയുടെ മാതാപിതാക്കളെയും കൊല്ലാൻ പദ്ധതിയിട്ടതായി സംശയം
തിരുവനന്തപുരം: മാതാവിനെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മാഹിന്‍കണ്ണ് വിദ്യ (ദിവ്യ) യുടെ മാതാപിതാക്കളെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന് സംശയം. വിദ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം മാഹിന്‍കണ്ണ് വിദ്യയുടെ മാതാപിതാക്കളെയും പൂവാറിലേക്ക് വിളിച്ചു. 2011 ആഗസ്റ്റ് 22ന് രാത്രി ഏഴോടെയാണ് മാഹിന്‍ വിദ്യയുടെ മാതാവ് രാധയെ വിളിച്ചത്. ഫോണ്‍ സംഭാഷണം 598 സെക്കൻഡ് നീണ്ടു. ഇപ്പോള്‍ പൂവാറിലേക്ക് നിങ്ങള്‍ മാത്രം വന്നാല്‍ മകളെയും കുഞ്ഞിനെയും കാണിച്ചു തരാം എന്ന് പറഞ്ഞതായി രാധ പറയുന്നു.
വിദ്യയെയും കുഞ്ഞിനെയും 2011 ആഗസ്റ്റ് 18 നാണ് മാഹിന്‍ കണ്ണ് കടലില്‍ തള്ളിയിട്ട് കൊന്നത്. ആഗസ്റ്റ് 21ന് തമിഴ് പത്രത്തില്‍ വിദ്യയുടെ ഫോട്ടോ അടക്കം മൃതദേഹം കിട്ടിയ വാര്‍ത്തയും വന്നിരുന്നു. ആഗസ്റ്റ് 20ന് ഉച്ചക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത മാഹിന്‍കണ്ണ് അത് ഓൺ ചെയ്തത് 22ന് വൈകീട്ട് ഏഴിനാണ്. തുടർന്നുള്ള ആദ്യ കോളായിരുന്നു രാധക്ക്. ഈ വിളിയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പൂവാര്‍ പൊലീസ് 2011 ആഗസ്റ്റ് 22ന് മാഹിന്‍കണ്ണിനെ വിട്ടയച്ച ശേഷമായിരുന്നു ഈ വിളി. രാധയെയും ഭര്‍ത്താവ് ജയചന്ദ്രനെയും തനിച്ച് വിളിച്ചു വരുത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കിടപ്പാടം വിറ്റ പണം പോലും പൊലീസിന് കൈക്കൂലി നൽകി തീര്‍ന്നെന്നാണ് ചാനൽ ചർച്ചയിൽ വിദ്യയുടെ മാതാവ് കരഞ്ഞുപറഞ്ഞത്.
തുടക്കം മുതൽ തെളിവുകളെല്ലാം മാഹിൻ കണ്ണിനെതിരായിരുന്നു. വിദ്യയുടെ തിരോധാനത്തിനു ശേഷം അറിയാവുന്ന വിവരങ്ങളെല്ലാം പൊലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും കാണാതാവൽ കേസ് വരുമ്പോൾ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്വം പോലും പൊലീസ് കാണിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.