മുതലപ്പൊഴി അപകടം; രണ്ടര വർഷത്തിനിടെ 66 മരണം
text_fieldsതിരുവനന്തപുരം: രണ്ടര വർഷത്തിനിടെ മുതലപ്പൊഴിയിൽ 66 പേർ മരിച്ചതായി തുറമുഖവകുപ്പ് റിപ്പോർട്ട്. 2011 ജനുവരി മുതൽ 2023 ആഗസ്റ്റ് വരെ മുതലപ്പൊഴിയിൽ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിലാണ് ഇത്രയും മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാർബർ എഞ്ചിനീയറിങ് ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമിഷനെ രേരോമൂലം അറിയിച്ചതാണിത്. മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളും നിലവിലെ സാഹചര്യവും വ്യക്തമാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തുറമുഖ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകി.അപകടം തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമാണത്തിലെ അപാകത കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുലിമുട്ട് നിർമാണത്തിലെ അപാകതകൾ പരിഹരിക്കും. അഴിമുഖത്തും ചാനലിലും കിടക്കുന്ന കല്ലുകൾ നീക്കം ചെയ്ത് ഡ്രഡ്ജിങ് പൂർത്തിയാക്കാൻ അദാനി പോർട്ടിന് കർശന നിർദ്ദേശം നൽകി. തുറമുഖത്തിന്റെ തെക്കുഭാഗത്ത് അടിയുന്ന മണ്ണ് നീക്കം ചെയ്ത് തീരശോഷണം സംഭവിക്കുന്ന വടക്കു ഭാഗത്ത് നിക്ഷേപിക്കാനുള്ള പ്രവൃത്തിയുടെ ദർഘാസ് നടപടി പൂർത്തിയാക്കി.
സുരക്ഷക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കുമെന്നും ആംബുലൻസ് അനുവദിച്ചതായും തുറമുഖവകുപ്പ് കമിഷനെ അറിയിച്ചു. മുതലപ്പൊഴി അപകടങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കവടിയാർ ഹരികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.