ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങൾ ചോദിക്കുന്നു; മുട്ടത്തറ അഭയകേന്ദ്രം ആർക്കുവേണ്ടി?
text_fieldsമുട്ടത്തറ അഭയകേന്ദ്രം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളാണ് സംസ്ഥാനത്തിന്റെ സൈന്യമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഓരോ മലയാളിയുടെ ഉള്ളിലും പതിഞ്ഞതാണ്. വർഷങ്ങളായി വലിയതുറ ഗവ. യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് എട്ട് മത്സ്യത്തൊഴിലാളികുടുംബങ്ങൾ.
ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ 2,321 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. സംസ്ഥാനത്താകമാനം ഇത്തരം പല പദ്ധതികളും നടക്കുന്നുണ്ടെങ്കിലും ഈ എട്ട് കുടുംബങ്ങൾക്ക് പോകാൻ വീടോ കിടപ്പാടമോ ആയിട്ടില്ല.
സ്കൂൾ തുറന്നാൽ ജീവിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ക്യാമ്പിലുള്ളവരും സ്കുളിലെത്തുന്ന വിദ്യാർഥികളുടെ പ്രയാസത്തെക്കുറിച്ച് അധ്യാപകരും പറയുന്നു. എന്നിട്ടും മുട്ടത്തറയിലെ അഭയകേന്ദ്രം തുറന്ന് കൊടുക്കാത്തതെന്ത് എന്നാണ് ക്യാമ്പിലുള്ളവരുടെ ചോദ്യം.
സ്കൂൾ തുറക്കുമ്പോൾ തങ്ങളെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയാൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യമല്ലേ എന്ന് വലിയതുറ ജി.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റും ക്യാമ്പിലെ താമസക്കാരിയുമായ സൂസി ചോദിക്കുന്നു.
ക്യാമ്പിൽ കഴിയുന്നവർക്കുള്ളതല്ല മുട്ടത്തറ അഭയകേന്ദ്രം. ഇവർ വാടകവീടുകളിലേക്ക് മാറട്ടെ എന്നാണ് അധികാരികളുടെ ഭാഷ്യം. അതിനുള്ള തുക നൽകുന്നുണ്ടത്രെ. റവന്യൂ വകുപ്പിന് കീഴിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലാണ് അഭയകേന്ദ്രമെന്നും ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങളില്‍ പെടുന്നവര്‍ക്ക് താല്‍ക്കാലിക ദുരിതാശ്വാസകേന്ദ്രം ഒരുക്കാനാണ് 3.5 കോടി രൂപയുടെ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്നത്. പദ്ധതിയുടെ 75 ശതമാനം സാമ്പത്തിക സഹായം ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടേതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.