ഇനി നഗരവസന്തം; പുഷ്പമേളക്ക് ബുധനാഴ്ച തുടക്കം
text_fieldsതിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള ബുധനാഴ്ച ആരംഭിക്കും. വൈകീട്ട് കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനത്തിനും വിൽപനക്കും പുറമെ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളും കാഴ്ചക്കാർക്ക് വിരുന്നൊരുക്കും. ക്രിയേറ്റിവ് ആർട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിൽ 100ഓളം കലാകാരന്മാരും തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെ 20ഓളം വിദ്യാർഥികളുമാണ് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും ഒരുക്കുന്നത്.
അലങ്കാര മത്സ്യ പ്രദർശനവും ഫുഡ് കോർട്ടുമെല്ലാം ഒരുക്കി നൈറ്റ് ലൈഫിന്റെ ഭംഗി ആസ്വദിക്കാവുന്ന രീതിയിൽ രാത്രി ഒന്നുവരെ നീളുന്ന ആഘോഷങ്ങളാണ് നഗരവസന്തത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിഗാറ്റ കൾച്ചറൽ സൊസൈറ്റിയുടെ 50ാം വാർഷികാഘോഷങ്ങളും നഗര വസന്തത്തോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ദിവസവും വൈകീട്ട് നിശാഗന്ധിയിൽ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
സ്പെൻസർ ജങ്ഷൻ മുതൽ കവടിയാർ വരെയും എൽ.എം.എസ് മുതൽ പി.എം.ജി വരെയും കോർപറേഷൻ ഓഫിസ് മുതൽ ദേവസ്വം ബോർഡ് ജങ്ഷൻ വരെയുമുള്ള റോഡിന്റെ ഇരുവശങ്ങളും നഗര വസന്തത്തിന്റെ ഭാഗമായി ഉദ്യാനമൊരുക്കും. വെള്ളയമ്പലത്തുനിന്ന് ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങൾ കീഴടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.