കടലിൽ കുടുങ്ങിയിട്ട് ഒരാഴ്ച; നീരാവി ഉൽപാദനയന്ത്രം വീണ്ടെടുക്കാനായില്ല
text_fieldsനാഗർകോവിൽ: കൂടങ്കുളം ആണവനിലയത്തിൽ നിർമാണത്തിലിരിക്കുന്ന അഞ്ചും, ആറും റിയാക്ടറുകൾക്കാവശ്യമായ രണ്ട് നീരാവി ഉൽപാദനയന്ത്രങ്ങൾ (സ്റ്റീം ജനററ്റെർ) കടലിൽ പാറയിടുക്കിൽ കുടുങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഏഴിനാണ് റഷ്യയിൽനിന്ന് ചരക്ക് കപ്പലിൽ കൊണ്ടുവന്ന രണ്ട് നീരാവി ഉൽപാദന യന്ത്രങ്ങൾ തൂത്തുക്കുടി തുറമുഖത്തിറക്കിയത്.
അവിടെനിന്ന് പിറ്റേദിവസം ഫ്ലോട്ടിങ് കപ്പലിൽ 300 കിലോ വീതം ഭാരമുള്ള രണ്ട് നീരാവി ഉൽപാദനയന്ത്രങ്ങൾ കൂടങ്കുളം ആണവനിലയത്തിലുള്ള ചെറിയ തുറമുഖത്തേക്ക് കൊണ്ട് വരുന്നതിനിടയിൽ ആണവ നിലയത്തിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽവെച്ച് ഫ്ലോട്ടിങ് കപ്പൽ പാറയിൽ തട്ടി കുടുങ്ങി.
പല ശ്രമങ്ങൾ നടത്തിയെങ്കിലും കുരുക്ക് അഴിക്കാൻ കഴിയാതെ കുടുങ്ങിയ പ്ലോട്ടിങ് കപ്പലിനെ വലിച്ചെടുക്കാനായി ശ്രീലങ്കയിൽനിന്ന് ടഗ് ബോട്ട് കൊണ്ട് വന്നെങ്കിലും ഫ്ലോട്ടിങ് ശ്രമം പരാജയപ്പെട്ടു. ടഗ് ബോട്ടിന് 15 ടൺ ഭാരം വലിക്കാനുള്ള ശേഷിയെ ഉള്ളൂ. 30 ടൺ വലിക്കാനുള്ള ടഗ് ബോട്ട് വന്നാലേ കുടുങ്ങിയ സ്റ്റീം ജനറേറ്ററിനെ വലിച്ചെടുക്കാൻ കഴിയുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിൽ.
ഇതിനിടയിൽ നീരാവി യന്ത്രങ്ങൾക്ക് എന്തെങ്കിലും കേടുപാട് പറ്റിയിട്ടുണ്ടോയെന്നറിയാൻ മുംബൈയിൽനിന്ന് വിദഗ്ദ്ധരെ വരുത്തി കടലിനടിയിൽനിന്ന് ചിത്രങ്ങളെടുത്ത് പരിശോധിക്കുകയാണെന്നും വിവരമുണ്ട്. എന്തായാലും ഒരാഴ്ചയായി നീരാവി യന്ത്രത്തെ കൂടങ്കുളം ആണവ കേന്ദ്രത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
2027ൽ വൈദ്യുതി ഉൽപാദനം തുടങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും യുക്രയിൻ യുദ്ധം കാരണം റഷ്യയിൽനിന്ന് യന്ത്രങ്ങൾ വരുന്നത് താമസിക്കുന്നതിനാൽ വൈദ്യുതി ഉൽപാദനം വൈകാനാണ് സാധ്യത. ആകെയുള്ള ആറ് റിയാക്ടറുകളിൽ രണ്ടെണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. മൂന്ന്, നാല് എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്തകാലത്തായി കൂടങ്കുളം ആണവനിലയ പ്രവർത്തനങ്ങളെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പുറത്ത് പറയാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.