കന്യാകുമാരിയിലെ മഴക്കെടുതി മേഖലകൾ മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചു
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതികൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ട് കണ്ട് വിലയിരുത്തി. ഇതിന് പിന്നാലെ ചേർന്ന യോഗത്തിൽ, മഴ കാരണം ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് എത്രയും വേഗം പരിഹാര നടപടികൾ എടുക്കാനും ദുരിതമനുഭവിക്കുന്നവർക്ക് മരുന്ന്, ഭക്ഷണം, മറ്റ് സഹായങ്ങൾ ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വിവിധ വകുപ്പ് മന്ത്രിമാരും ഉദ്ദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിമരിച്ച പറക്കിൻകാൽ വായ് സ്വദേശി ഭാസ്ക്കരന്‍റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം നൽകി. ഭാവിയിൽ കോർപ്പറേഷൻ പരിധിയിൽ മഴക്കെടുതിയിൽ നിന്നുള്ള സ്ഥിരം മോചനത്തിനായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെ മധുരയിൽ നിന്നും എത്തിയ സ്റ്റാലിൻ തോവാളയിലെ പെരിയകുളം ഉടപ്പ്, ദുരിതാശ്വാസ ക്യാമ്പ്, തേരേകാൽപുതൂർ, മേലാങ്കോട്ട് വാഴ കൃഷി നാശം, പത്മനാഭപുരം പുത്തനാർ കനാലിലെ ഉടപ്പ് എന്നിവ സന്ദർശിച്ച് മഴക്കെടുതി നേരിട്ട് വിലയിരുത്തി.
മന്ത്രിമാരായ കെ.എൻ. നെഹ്റു, കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ, കെ.ആർ. പെരിയ കറുപ്പൻ, ഗീതാ ജീവൻ, അനിത ആർ. രാധാകൃഷ്ണൻ, ടി. മനോ തങ്കരാജ്, എം.പി. വിജയ് വസന്ത്, എം.എൽ.എമാരായ എസ്. രാജേഷ് കുമാർ, ജെ.ജി. പ്രിൻസ്, എം.ആർ. ഗാന്ധി, എൻ. ദളവായ് സുന്ദരം, ഡി.എം.കെ. ജില്ല സെക്രട്ടറി എൻ. സുരേഷ് രാജൻ, ഡി.ജി.പി സി. ശൈലേന്ദ്രബാബു, ജില്ല നിരീക്ഷക ജ്യോതി നിർമ്മല സ്വാമി, ജില്ല കലക്ടർ എം. അരവിന്ദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.