കന്യാകുമാരി ജില്ലയിൽ കനത്ത മഴ തുടരുന്നു; 65 വീടുകൾ തകർന്നു
text_fieldsനാഗർകോവിൽ: അതിശക്തമായ മഴ കാരണം കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. വെള്ളിയാഴ്ച രാത്രി മാത്രം ശരാശരി 16 സെ.മീ മഴയാണ് ജില്ലയാകെ പെയ്തത്. ഇതിൽ ഏഴ് വീടുകൾ പൂർണമായും 58 വീടുകൾ ഭാഗികമായും തകർന്നു. നുള്ളി വിളയിൽ വില്ലുക്കുറി ഇരട്ടക്കര ചാനൽ തകർന്ന് വെള്ളം ഇരണിയൽ ഭാഗത്ത് ട്രാക്കിൽ കവിഞ്ഞൊഴുകി. പല സ്ഥലങ്ങളിലായി മണ്ണിടിച്ചിൽ കാരണം നാഗർകോവിൽ- തിരുവനന്തപുരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
പറളിയാറ്, വള്ളിയാറ്, താമ്രപർണിയാറ്, പഴയാറ് തുടങ്ങിയവ കവിഞ്ഞൊഴുകി. തിരുനെൽവേലി, പത്മനാഭപുരം, കുലശേഖരം, കുളച്ചൽ, ഭൂതപാണ്ടി എന്നീ പല സ്ഥലങ്ങളിലേക്കുമുള്ള ബസ് ഗതാഗതം മുടങ്ങി. പലവീടുകളിലും വെള്ളം കയറി. ജില്ലയാകെ 1800-ാളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. പുത്തനാറ് ഉടഞ്ഞതോടെ വള്ളിയാറ്റിൽ വെള്ളം നിറഞ്ഞ് പത്മനാഭപുരം കൊട്ടാരത്തിലേയ്ക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കൊട്ടാരത്തിൽ എത്തിയവരെ വളരെ കഷ്ടപെട്ടാണ് കടത്തിവിട്ടത്.
തെക്കെ കൊട്ടാരത്തിൽ വെള്ളം കയറി. കൃഷി നാശം ഒന്നും കണക്കാക്കിയിട്ടില്ല. വൈദ്യുതി വകുപ്പിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിൻെറ ദ്രുതകർമ്മസേനയിൽപ്പെട്ട 200 പേർ ഉടനെ എത്തുമെന്ന് ബാധിത മേഖലകൾ സന്ദർശിച്ച മന്ത്രി ടി. മനോതങ്കരാജ് അറിയിച്ചു.
മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഡാമുകൾ ഏത് സമയവും തുറന്ന് വിടാവുന്ന നിലയിലാണ് ഉള്ളത്. അതിനാൽ താമ്രപർണി നദി പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കാൻ ബന്ധനപ്പെട്ടവർ ആവശ്യപ്പെട്ടു. ജില്ല ഭരണകൂടം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ദുരിതാശ്വാസ നടപടികൾ സ്ഥീകരിച്ച് വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.