കന്യാകുമാരി ജില്ലയിൽ കനത്ത മഴ; 13 വീടുകൾ ഇടിഞ്ഞ് വീണു
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത് വരുന്ന മഴ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തി പ്രാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ വരെ മഴ തുടർന്നു. ഇതിൽ ചിററാർ - ഒന്നിൽ ഏറ്റവും കൂടുതലായി 94 മി.മീറ്റർ മഴ ലഭിച്ചു. മലയോര മേഖലകളിലും അണപ്രദേശങ്ങളിലും ശക്തമായി മഴ ലഭിച്ചതോടെ താമ്രപർണിയാറ്, പഴയാറ്, വള്ളിയാറ് തുടങ്ങിയ സ്ഥലങ്ങളിൽ ജലം കരകവിഞ്ഞൊഴുകി.
സമീപ വാസികളെ ഉയർന്ന പ്രദേശങ്ങളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ശക്തമായ മഴ കാരണം 13 വീടുകൾ ഇടിഞ്ഞ് വീണു. ആളപായം ഇല്ല. പേച്ചിപ്പാറ, പെരുഞ്ചാണി തുടങ്ങിയ അണകളിൽ ഒഴുകിയെത്തുന്ന ജലം അതേ അളവിൽ തുറന്ന് വിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ വീണ്ടും മഴ ശക്തി പ്രാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
മങ്കാട് പാലം, വയ്കല്ലൂർ, പരക്കാണി തുടങ്ങിയ സ്ഥലങ്ങളിൽ മഴ വെള്ളം കയറിയ പ്രദേശങ്ങൾ മന്ത്രി ടി. മനോതങ്കരാജ്, എം.എൽ.എ. രാജേഷ് കുമാർ ജില്ല കലക്ടർ എം. അരവിന്ദ് ഉൾപ്പെടെയുള്ളവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ മഴക്കെടുതി നേരിടാൻ എല്ലാ വകുപ്പുകളെയും യോജിപ്പിച്ച് ജില്ലാ ഭരണകൂടം എല്ലാ മുൻ ഒരുക്കങ്ങളും തയ്യാറാക്കി വച്ചിട്ടുണ്ട്. ഡാമുകൾ നിരീക്ഷണത്തിലാണ്.
റോഡുകളുടെ അറ്റകുറ്റ പണിക്കായി 91 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. കൂടാതെ ആറ്റിൻകരകളിലെ ആക്രമണം തടയാൻ നടപടി സ്വീകരിക്കും. നഷ്ടപരിഹാരങ്ങൾ താമസിയാതെ ജനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.