നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്ത്
text_fieldsതിരുവനന്തപുരം: നവകേരളസദസ്സിന് ഒരുക്കം പൂർത്തിയായി; മുഖ്യമന്ത്രിയും മന്ത്രിമാരും ബുധനാഴ്ച മുതൽ തലസ്ഥാന ജില്ലയിൽ. വർക്കല മണ്ഡലത്തിലാണ് ആദ്യ സന്ദർശനം. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ശിവഗിരി തീർഥാടനപ്പന്തലാണ് വർക്കലയിലെ നവകേരള സദസ്സിന് വേദിയാവുന്നത്.
ബുധനാഴ്ച വൈകീട്ട് മൂന്നു മുതൽ ജനങ്ങൾക്ക് നിവേദനം സമർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ഓഡിറ്റോറിയത്തിനു സമീപം ഭിന്നശേഷിക്കാർക്ക് ഒന്നും വയോജനങ്ങൾക്ക് രണ്ടും സ്ത്രീകൾക്ക് എട്ടും കൗണ്ടറുകൾ ഉൾപ്പെടെ 23 കൗണ്ടറുകൾ സജ്ജമാണ്. ഉദ്ഘാടനവേദിയിൽ വൈകീട്ട് നാലുമുതൽ സംഗീത പരിപാടി. 23ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ നവകേരള സദസ്സിന് സമാപനമാകും.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിലാണ് ജില്ലയിലെ ആദ്യ പ്രഭാതയോഗം. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വികസന ആശയങ്ങൾ സംവദിക്കും.
രാവിലെ 11ന് തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സ് മാമം ഗ്രൗണ്ടിലും വൈകിട്ട് 4.30ന് വാമനപുരം മണ്ഡലത്തിലെ നവകേരള സദസ്സ് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലും നടക്കും. വൈകീട്ട് ആറിന് നെടുമങ്ങാട് നഗരസഭാ പാർക്കിങ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെ ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.
വെള്ളിയാഴ്ച കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് അന്നത്തെ പ്രഭാതയോഗം. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനമാണ്. രാവിലെ 11ന് അരുവിക്കര മണ്ഡലത്തിൽനിന്ന് നവകേരള സദസ്സ് ആരംഭിക്കും. ആര്യനാട് പാലേക്കോണം വില്ല നസ്രേത്ത് സ്കൂൾ ഗ്രൗണ്ടാണ് വേദി.
ഉച്ചതിരിഞ്ഞ് മൂന്നിന് കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ്സ് കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടക്കും. വൈകീട്ട് 4.30ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ്സ്. വൈകീട്ട് ആറിന് പാറശ്ശാല മണ്ഡലത്തിലെ നവകേരള സദസ്സ് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിലും നടക്കും.
ശനിയാഴ്ച കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുന്നത്. രാവിലെ ഒമ്പതിന് ഈ മണ്ഡലങ്ങളുടെ പ്രഭാതയോഗം ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ നടക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം. രാവിലെ 11ന് കോവളം മണ്ഡലത്തിലാണ് അന്നത്തെ നവകേരള സദസ്സ് ആരംഭിക്കുന്നത്.
വിഴിഞ്ഞം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമുള്ള ഗ്രൗണ്ടാണ് വേദി. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് നേമം മണ്ഡലത്തിലെ നവകേരള സദസ്സ് പൂജപ്പുര ഗ്രൗണ്ടിലും വൈകീട്ട് 4.30ന് കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നടക്കും. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്തസദസ്സോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല സന്ദർശനത്തിന് പരിസമാപ്തിയാകും. വൈകീട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിലാണ് നവകേരള സദസ്സ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.