കാരുണ്യത്തിന്റെ പാതയിലേക്ക് ഒരു സൈക്കിൾ യാത്ര
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് ബൈക്കേഴ്സ് ഈ പുതുവർഷത്തിൽ സൈക്കിൾ ചവിട്ടിയത് കാരുണ്യതത്തിന്റെ പാതയിലേക്ക്. അസ്ഥി-മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്ന റിതികയെ സഹായിക്കുന്നതിനായിരുന്നു ചക്രങ്ങളുരുണ്ടത്.
ആറുമാസം പ്രായമുള്ള റിതിക ലൂക്കോസൈറ്റ് അഡീഷൻ ഡെഫിഷ്യൻഷി എന്ന ഗുരുതര ജനിതകരോഗം ബാധിച്ച് വെല്ലൂർ സി.എം.സിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് കരിപ്പൂർ പടവള്ളിക്കോണം ശ്യാംലാൽ അമിതകൃഷ്ണൻ ദമ്പതികളുടെ മകളാണ് റിതിക. ജീവൻ നിലനിർത്താൻ ഉടൻ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇതിന് 45 ലക്ഷം രൂപ ചെലവാകും.
നെടുമങ്ങാട്ടെ പൂക്കടയിൽ പൂകെട്ടുന്ന ശ്യാംലാലിന് ഇത്രയും തുക കണ്ടെത്താനാകാതെ വിഷമിക്കുന്നു എന്ന വാർത്തയറിഞ്ഞ ബൈക്കേഴ്സ് സംഘം ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് 25000 രൂപയാണ്. വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച തുക റിതികയുടെ വീട്ടിലെത്തി ശ്യാംലാലിന് കൈമാറി. മുരളി, പ്രസാദ്, കിരൺ, അമൽ, ദിലീപ് എന്നിവരാണ് നെടുമങ്ങാട് ബൈക്കേഴ്സിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
അഞ്ച് പേരിൽ തുടങ്ങിയ സംഘത്തിൽ ഇപ്പോൾ വനിതകൾ ഉൾപ്പടെ 100ലധികം പേരുണ്ട്. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടന പ്ലാസ്റ്റിക്ക് നീക്കം ചെയ്യൽ, ട്രക്കിങ്, രക്തദാനം തുടങ്ങിയ പ്രവർത്തനങ്ങളിലും മുൻനിരയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.