റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട് മുണ്ടിയെരുമയില്‍ മേല്‍പാലം വേണം
text_fieldsനെടുങ്കണ്ടം: പട്ടം കോളനിയുടെ ആസ്ഥാനമായ മുണ്ടിയെരുമയില്‍ കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇനിയും നടപടിയില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കല്ലാര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് മുണ്ടിയെരുമയിലാണ്. നെടുങ്കണ്ടം-കമ്പം അന്തര്‍സംസ്ഥാന പാതകടന്നു പോകുന്നത് മുണ്ടിയെരുമ ടൗണിലൂടെയാണ്.
ടൗണില്‍ റോഡിനിരുവശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന എല്‍.പി, യു.പി, ൈഹസ്കൂള്‍ ഹയര്‍സെക്കൻഡറി വിഭാഗങ്ങളിലായി മൂവായിരത്തിലധികം കുട്ടികളാണ് പഠിക്കുന്നത്. സ്കൂളുകള്‍ക്ക് ചുറ്റിലും ടൗണിെന്റ വിവിധ ഭാഗങ്ങളിലുമായി വില്ലേജ് ഓഫിസ്, വെറ്ററിനറി ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, പട്ടംകോളനി പ്രാഥമികാേരാഗ്യ കേന്ദ്രം തുടങ്ങി വിവിധ സര്‍ക്കാര്‍ ഓഫിസുകളും വിവിധ ദേവാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിേലക്കെല്ലാം പോകാന്‍ റോഡ് മുറിച്ചു കടക്കണം.
റോഡിനിരുവശത്തേക്കും എപ്പോഴും കുട്ടികള്‍ക്ക് റോഡ് മുറിച്ച് കടക്കേണ്ടതിനാല്‍ അപകടങ്ങള്‍ പതിവാണ്. വിദ്യാർഥികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുന്ന കാഴ്ച പതിവാണ്. പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.
വിനോദ സഞ്ചാരകേന്ദ്രങ്ങളായ രാമക്കല്‍മേട്, പുഷ്പക്കണ്ടം, ഭാഗങ്ങളിലേക്കും തമിഴ്നാട്ടിലേക്കും കൂട്ടാര്‍, കമ്പംമെട്ട്, കട്ടപ്പന, തൂക്കുപാലം, ബാലഗ്രാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുണ്ടിയെരുമവഴി ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനേന ചീറിപ്പായുന്നത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുന്ന ഭീതിയും ചില്ലറയല്ല. സ്കൂള്‍ ജങ്ഷനില്‍ പൊലീസ് സേവനം ലഭ്യമല്ല. ജങ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിനായി മേല്‍പാലം നിര്‍മിച്ചാല്‍ കാല്‍നടക്കാരും വിദ്യാർഥികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നാണ് സ്കൂള്‍ അധികൃതരും മുണ്ടിലെരുമ നിവാസികളും പറയുന്നത്.
ടൗണില്‍ നടപ്പാതകള്‍ നിര്‍മിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനും നടപടി സ്വീകരിക്കാന്‍ ത്രിതല പഞ്ചായത്തും ജനപ്രതിനിധികളും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.