അരുവിക്കര-വെള്ളനാട് റോഡ് തകർന്ന് യാത്രദുരിതം
text_fieldsനെടുമങ്ങാട്: അരുവിക്കര-വെള്ളനാട് റോഡ് തകർന്നു. അരുവിക്കര ജലസംഭരണി മുതൽ കുളക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വരെയുള്ള റോഡാണ് തകർന്നടിഞ്ഞത്. റോഡ് നവീകരിക്കുന്നതിനുവേണ്ടി മെറ്റലുകൾ ഇറക്കിയിട്ട് മാസങ്ങളായിട്ടും പണി ആരംഭിച്ചിട്ടില്ല.
അരുവിക്കര മുതൽ റോഡിൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വെമ്പന്നൂർ ജങ്ഷനു സമീപത്തെ വളവിൽ മെറ്റലുകളിളകി രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടങ്ങൾ പതിവാണ്. ശാന്തിനഗർ, ശങ്കരമുഖം എൽ.പി സ്കൂളിനു സമീപം, കണ്ണേറ്റുനട ജങ്ഷൻ, വാളിയറ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്റെ അവസ്ഥ ദയനീയമാണ്. മെറ്റലുകളിളകി കുഴികൾ രൂപപ്പെട്ടിരിക്കുന്ന റോഡിൽ ബൈക്കുകൾ തെന്നിവീണ് അപകടം സംഭവിക്കുന്നത് പതിവായി.
അപകടകരമായ വളവുകളിലെ ടാർ ഇളകിമാറി വലിയ കുഴികൾ ഉണ്ടായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാതെ വരികയാണ്. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. വെള്ളനാട്ടിൽ നിന്ന് അരുവിക്കര, വട്ടിയൂർക്കാവ്, പേരൂർക്കട, കരകുളം, വഴയില, കാച്ചാണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്.
അശാസ്ത്രീയമായ റോഡ് നിർമാണവും അമിതഭാരം കയറ്റിയ ടിപ്പറുകളടക്കമുള്ള വാഹനങ്ങളുമാണ് റോഡിന്റെ തകർച്ചക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡിലെ വലിയ കുഴികൾ കാരണം ഇതുവഴി ഓട്ടോറിക്ഷകൾ പോലും സവാരി വരാൻ വിസമ്മതിക്കുന്നു.
കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴമൂലം കുഴികളിൽ വെള്ളംകെട്ടിനിൽക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ വീടുകൾക്കുള്ളിലും കച്ചവട സ്ഥാപനത്തിലും മലിനജലം തെറിക്കുന്നത് പരിസരവാസികളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.