അരുവിക്കര -വെള്ളനാട് റോഡ് ശോച്യാവസ്ഥയിൽ
text_fieldsനെടുമങ്ങാട്: വെള്ളനാട്-അരുവിക്കര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തകർന്നിട്ട് നാളേറെയായി. കുളക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ അരുവിക്കര ജലസംഭരണിവരെയുള്ള റോഡാണ് അധികൃതരുടെ അനാസ്ഥകാരണം തകർന്നടിഞ്ഞത്. നിത്യേന നിരവധി വാഹനങ്ങളുംകാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിന്റെ ഭൂരിഭാഗവും തകർന്നു കിടക്കുകയാണ്.
അരുവിക്കര ജലസംഭരണിക്ക് മുന്നിലെ ബലിതർപ്പണകേന്ദ്രത്തിനോട് ചേർന്ന് കിടക്കുന്ന റോഡിൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വെമ്പന്നൂർ ജങ്ഷന് സമീപത്തെ വളവിൽ മെറ്റലുകളിളകി രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടങ്ങൾ ഉണ്ടാകുകയാണ്. ശാന്തിനഗർ, ശങ്കരമുഖം എൽ.പി സ്കൂളിന് സമീപം, കണ്ണേറ്റുനട ജങ്ഷൻ, വാളിയറ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്റെ അവസ്ഥ ദയനീയമാണ്.
റോഡിൽ ബൈക്കുകളും മറ്റു വാഹനങ്ങളും തെന്നിവീണ് അപകടം സംഭവിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം വെമ്പന്നൂർ വളവിലുള്ള കുഴിയിൽപെട്ട് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ മറിഞ്ഞുവീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടകരമായ വളവുകളിലെ ടാർ ഇളകിമാറി വലിയ കുഴികൾ ഉണ്ടായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാതെ വരികയാണ്. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു.
വെള്ളനാടുനിന്ന് അരുവിക്കര, വട്ടിയൂർക്കാവ്, പേരൂർക്കട, കരകുളം, വഴയില, കാച്ചാണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. അമിതഭാരം കയറ്റിയ ടിപ്പറുകളടക്കമുള്ള വാഹനങ്ങളാണ് റോഡിന്റെ തകർച്ചക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
റോഡിലെ വലിയ കുഴികൾ കാരണം ഇതുവഴി ഓട്ടോറിക്ഷകൾപോലും സവാരി വരാൻ വിസമ്മതിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴമൂലം കുഴികളിൽ മലിനജലം നിറയുകയാണ്. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ വീടുകൾക്കുള്ളിലും കച്ചവട സ്ഥാപനത്തിലും മലിനജലം തെറിക്കുന്നത് പരിസരവാസികളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കി. റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.