ടാപ്പിങ് തൊഴിലാളിയെ ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ക്വട്ടേഷന്‍ സംഘം പിടിയിൽ
text_fieldsനെടുമങ്ങാട്: ടാപ്പിംങ് തൊഴിലാളിയെ ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ നാലുപേർ പിടിയിൽ. അരുവിക്കര മഞ്ച വെള്ളൂർക്കോണം പറങ്കിമാംമൂട് വീട്ടിൽ എൽ. ജോണി (45),കല്ലിയൂർ പുന്നമൂട് കുന്നുവിള വീട്ടിൽ എസ്. ജ്വാഷ(20), കല്ലിയൂർ കാരക്കാട്ട് വിള വീട്ടിൽ സി. നിഥിൻ(22), കല്ലിയൂർ പെരിങ്ങമ്മല അബിൻ ഭവനിൽ അബിൻ (21) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.
ജോണിയും അബിനും കെ. എസ്. ആർ. ടി. സി പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരാണ്.കേസിലെ ഒന്നാം പ്രതിയായ ജോണിയുടെ ഭാര്യ സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ എത്തിയ ക്വട്ടേഷന്‍ സംഘം വയോധികനായ ടാപ്പിങ് തൊഴിലാളിയെ ആളുമാറിയാണ് വെട്ടിയത്.
നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷന് പരിധിയിലെ കരിങ്ങയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. കൊട്ടേഷന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വലിയമല കരിങ്ങ ജിതേഷ് ഭവനില്‍ തുളസീധരന്‍ (62) മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ കൈകള്‍ക്കും കാലിനും മുഖത്തിനും കഴുത്തിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. രണ്ടു ബൈക്കുകളിലായി എത്തിയ നാലാംഗ സംഘമാണ് തന്നെ വെട്ടിയത് എന്ന് തുളസീധരന്‍ പോലീസിനോട് പറഞ്ഞിരുന്നു.
വീടിന് സമീപത്തു തന്നെയുള്ള റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനായി പുറത്തേക്കിറങ്ങി റോഡിലൂടെ വരുമ്പോഴാണ് സംഘം ബൈക്കില്‍ എത്തി സന്തോഷ് ആണോ എന്ന് ചോദിച്ചുകൊണ്ട് തുരുതുരെ വെട്ടിവീഴ്ത്തിയത്. നീളമുള്ള വാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് വെട്ടിയത്. മുഖത്തെ വെട്ടില്‍ വായ് മുതല്‍ ചെവി വരെ ആഴത്തിലുള്ള മുറിവേറ്റ് മുറിഞ്ഞുപോയി.
ജോണിയുടെ ഭാര്യ ഏഴു വർഷമായി പിണങ്ങി സ്വന്തം വീട്ടിലാണ് താമസം. ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുകയാണ്. ആട്ടോ ഡ്രൈവറും പള്ളിയിലെ കപ്യാരുമായ സന്തോഷിന്റെ സഹോദരിയുമായുള്ള പ്രശ്നത്തിൽ കുടുംബ വഴക്കിൽ സന്തോഷാണ് പ്രശ്നക്കാരനെന്ന് കരുതിയാണ് ജോണി ഇയാളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. രാവിലെ പള്ളിയിൽ വരുന്ന സന്തോഷിനെ കാത്തിരുന്നവരുടെ മുന്നിൽപ്പെട്ടത് ടാപ്പിങ് തൊഴിലാളിയായ തുളസിധരനായിരുന്നു. തുളസിധരനെ വെട്ടിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട സംഘത്തെ, സന്തോഷിന് നിരന്തരം വന്നുകൊണ്ടിരുന്ന ഭീഷണി സന്ദേശങ്ങളുടെ ഫോൺ നമ്പർ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.