യാത്രക്കിടെ ഹൃദയാഘാതം, വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ
text_fieldsനെടുമങ്ങാട്: യാത്രക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് ബസിൽ അബോധാവസ്ഥയിലായ യാത്രക്കാരിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും അനുമോദന പ്രവാഹം.
നെടുമങ്ങാട് ട്രാൻ. ഡിപ്പോയിലെ ഡ്രൈവർ മഞ്ച സ്വദേശി എ. സലിം, കണ്ടക്ടർ വാണ്ട സ്വദേശി ആർ. രാജേഷ് എന്നിവരാണ് മന്നൂർക്കോണം സ്വദേശിനിയായ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച് മാതൃകയായത്. നെടുമങ്ങാട് ഡിപ്പോയിലെ ജീവനക്കാരാണ് ഇരുവരും.കഴിഞ്ഞ 27ന് രാവിലെ മന്നൂർക്കോണത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കാണ് ഇവരുടെ സേവനസന്നദ്ധതയിൽ ജീവിതം തിരിച്ചുകിട്ടിയത്.
കിഴക്കേകോട്ട സ്റ്റാൻഡിൽ എത്തിയിട്ടും സീറ്റുവിട്ട് എഴുന്നേൽക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ പരിശോധനയിലാണ് 42കാരിയായ വീട്ടമ്മ ഹൃദയാഘാതംമൂലം അബോധാവസ്ഥയിലാണെന്ന് തെളിഞ്ഞത്. ആംബുലൻസ് സജ്ജമാക്കാൻ കഴിയാതെ വന്നതോടെ, ബസ് ജനറൽ ആശുപത്രിയിലേക്ക് പായിക്കുകയായിരുന്നു.
കണ്ടക്ടർ അറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൺട്രോൾ റൂമിൽ നിന്നുള്ള സന്ദേശമനുസരിച്ച് ഗതാഗത തടസ്സമൊഴിവാക്കാൻ നിരത്തിൽ പൊലീസുകാരും സജ്ജമായി. മിനിറ്റുകൾക്കകം യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയെ തക്കസമയത്ത് എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർമാർ പറഞ്ഞു. വീട്ടമ്മയുടെ ബന്ധുക്കൾ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും ഡിപ്പോ അധികൃതരെയും നേരിൽകണ്ട് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.