നെടുമങ്ങാട് ഡിപ്പോയിൽ സിറ്റി റേഡിയൽ സർവിസുകളും
text_fieldsനെടുമങ്ങാട്: മലയോര മേഖലയെ തീരദേശ പ്രദേശങ്ങളുമായി ബന്ധിപ്പിച്ച് സിറ്റി റേഡിയൽ സർവിസുകൾക്ക് കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ തുടക്കമായി. കഴിഞ്ഞ ദിവസം മുതലാണ് നെടുമങ്ങാട് ഡിപ്പോയിൽനിന്ന് തലസ്ഥാനത്തേക്ക് സിറ്റി റേഡിയൽ സർവിസ് ആരംഭിച്ചത്.
വട്ടപ്പാറ- കുറ്റിയാണി പ്രദേശവാസികൾ ഏറെക്കാലമായി ഉന്നയിച്ചുവന്നിരുന്ന ആവശ്യത്തിന് കൂടിയാണ് ഇതോടെ പരിഹാരമായത്.
ഇടറോഡുകളിലെ യാത്രക്കാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി രണ്ടാഴ്ച മുമ്പ് ഡിപ്പോയിൽനിന്ന് ആരംഭിച്ച ആറ് സിറ്റി ഷട്ട്ൽ സർവിസുകൾക്ക് പുറമെയാണ് റേഡിയൽ സർവിസുകൾ. സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിൽ സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു. ദിവസവും രാവിലെ 7.20ന് നെടുമങ്ങാട് ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന ബസ് സർവിസ് വട്ടപ്പാറ- കുറ്റിയാനി- പോത്തൻകോട്- ചന്തവിള -കഴക്കൂട്ടം -ലുലു മാൾ - ചാക്ക - ഈസ്റ്റ് ഫോർട്ട് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 9.50 ന് വിഴിഞ്ഞത്ത് എത്തിച്ചേരും.
തിരികെ അവിടെനിന്നും 10.20ന് പുറപ്പെട്ടു 12.30ന് നെടുമങ്ങാട് ഡിപ്പോയിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 1.30 ന് നെടുമങ്ങാടുനിന്നും തിരിച്ച് തിരികെ 6.50ന് നെടുമങ്ങാട് എത്തിച്ചേരുമെന്ന് മന്ത്രി പറഞ്ഞു. ഡിപ്പോ പരിസരത്ത് വർധിച്ചുവരുന്ന മോഷണം തടയാനും യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനും നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ, വാർഡ് കൗൺസിലർമാരായ പുലിപ്പാറ കൃഷ്ണൻ, സിന്ധു കൃഷ്ണകുമാർ തുടങ്ങിയവരും കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.