നെടുമങ്ങാട് എല്‍.പി.എസിന് ക്ലാസ് മുറിയും കായികോപകരണങ്ങളും
text_fieldsനെടുമങ്ങാട്: ഗവ. എല്‍.പി.എസിലെ പ്രീപ്രൈമറി വിഭാഗത്തിനായുള്ള ശിശുസൗഹൃദ ക്ലാസ് മുറിയും ഹെല്‍ത്തി കിഡ്സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗെയിം ഉപകരണങ്ങളുടെ ഉദ്ഘാടനവും മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. 1820ല്‍ വിദ്യാലയം തുടങ്ങാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള രാജകീയ വിളംബരം ആലേഖനം ചെയ്ത ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു. എണ്ണൂറിലധികം കുരുന്നുകള്‍ പഠിക്കുന്ന നെടുമങ്ങാട് എല്‍.പി.എസിന്റെ പൂർണ വികസനമാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഹെല്‍ത്തി കിഡ്സ് പദ്ധതി പ്രകാരം കുട്ടികളുടെ വ്യായാമത്തിനും കളികള്‍ക്കുമായി ക്ലാസ് മുറികളിലും പാര്‍ക്കിലും നിരവധി കായികോപകരണങ്ങൾ സജ്ജീകരിച്ചു. അടിസ്ഥാന ചലന നൈപുണികള്‍, താളാത്മക ചലനങ്ങള്‍, നാച്ചുറല്‍ പ്ലേ, കിഡ്സ് യോഗ, ശാരീരിക ഏകോപന ശേഷികള്‍, സഹകരണ ശേഷികള്‍, ട്രഷര്‍ ഹണ്ട്, ഒബ്സ്റ്റക്കിള്‍ റേസ് തുടങ്ങിയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉപകരണങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
എം.എല്‍.എ ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ശിശു സൗഹൃദ ക്ലാസ് മുറി നിര്‍മിച്ചത്. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് എസ്. രവീന്ദ്രന്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. അജയകുമാര്‍ കെ, ഹെല്‍ത്തി കിഡ്സ് സ്റ്റേറ്റ് പ്രോജക്ട് ഹെഡ് ശ്രീഹരി പ്രഭാകരന് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.