കോവിഡ് വ്യാപനം രൂക്ഷം; അഗസ്ത്യാർകൂടം ട്രക്കിങ് നിര്‍ത്തിവെക്കണമെന്നാവശ്യം
text_fieldsനെടുമങ്ങാട്: അഗസ്ത്യാർകൂടത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ട്രക്കിങ് നടത്തിയ പകുതിയിലധികം പേര്‍ക്കും കോവിഡ് ബാധിച്ചു. ഇതില്‍ ഇതരസംസ്ഥാനത്തുനിന്ന് വന്ന സഞ്ചാരികളും വനംവകുപ്പ് ജീവനക്കാരും ഉള്‍പ്പെടും. നേരത്തേ ഇവിടെ ഡ്യൂട്ടി നോക്കിയ പേപ്പാറ സെക്ഷന്‍ ഓഫിസിലെ നിരവധി ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് പോസിറ്റിവ് ആയിരുന്നു.
രോഗബാധയുള്ളവരെ തന്നെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ വീണ്ടും അഗസ്ത്യാർകൂടം ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം മേഖലയിൽ രൂക്ഷമായ സാഹചര്യത്തില്‍ ട്രക്കിങ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ കലക്ടര്‍ക്ക് കത്തുനല്‍കി. രോഗം ബാധിച്ച് അഞ്ച് ദിവസം പോലുമാകാത്തെ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂർവം വീണ്ടും ജോലിക്ക് നിയോഗിക്കുന്നുണ്ട്. ഇത് കൂടുതല്‍ രോഗവ്യാപനത്തിന് കാരണമാകുന്നു.
ഒരു മാനദണ്ഡവുമില്ലാതെയും മതിയായ സുരക്ഷ ഒരുക്കാതെയുമാണ് സന്ദർശകരെ കയറ്റിവിടുന്നത്. ഇതരസംസ്ഥാനത്തുനിന്ന് കോവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റുപോലുമില്ലാതെയാണ് യാത്രികര്‍ വരുന്നത്. ട്രക്കിങ്ങിനെത്തുന്ന വനിതകളോടൊപ്പം രണ്ട് വനിതാ ജീവനക്കാര്‍ വേണമെന്നുണ്ട്. എന്നാല്‍, നിലവില്‍ അതിനുള്ള സാഹചര്യം പേപ്പാറയിലില്ല. പ്രധാനമായും അതിരുമല ബേസ് ക്യാമ്പാണ് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പോയി വന്നവര്‍ പറയുന്നു. ഇവിടെ ഒരേസമയം 150 സന്ദര്‍ശകരും 50ലധികം വനംവകുപ്പ് ജീവനക്കാരും തങ്ങുന്നുണ്ട്. മാത്രമല്ല എല്ലാവര്ക്കും ഉപയോഗിക്കുന്നതിന് പൊതു ശുചിമുറിയാണുള്ളത്.
കിടക്കുന്നതിനായി രണ്ട് ഷെഡുകളും. ഞെങ്ങി ഞെരുങ്ങിയാണ് ഇവിടെ സന്ദര്‍ശകര്‍ കഴിയുന്നത്. ഇത് രോഗസാധ്യത വര്‍ധിപ്പിക്കുന്നു. അതിരുമലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമല്ല. നിലവില്‍ ഈ മാസം 26വരെയാണ് ട്രക്കിങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗൈഡുകളും വാച്ചര്‍മാരും സമീപത്തെ കമലകം, പൊടിയം, കുമ്പിടി തുടങ്ങിയ ആദിവാസി ഊരുകളിലുള്ളവരാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ബാധിച്ച ഇവരില്‍നിന്ന് ഊരുകളിലും ഇപ്പോള്‍ കോവിഡ് വ്യാപിച്ചു കഴിഞ്ഞു. ഇത് വലിയ അപകടത്തിലേക്കാണ് പോകുന്നതെന്നും ജീവനക്കാരുടെയും കുടുബങ്ങളുടെയും ജീവന് രക്ഷിക്കുന്നതിന് നിലവിലെ ട്രക്കിങ് സംവിധാനം അവസാനിപ്പിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് ആവശ്യപ്പെട്ടു. കലക്ടർക്ക് പുറമെ മുഖ്യമന്ത്രിക്കും കത്തുനല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.