കൊല്ലപ്പെട്ട വിനീതയുടെ കുട്ടികളെയും മാതാപിതാക്കളെയും സി.പി.എം ഏറ്റെടുക്കും
text_fieldsനെടുമങ്ങാട്: മോഷണശ്രമത്തിനിടെ മോഷ്ടാവിന്റെ കത്തിക്കിരയായി കൊല്ലപ്പെട്ട വിനീതയുടെ അനാഥരായ കുട്ടികളെയും മാതാപിതാക്കളെയും സി.പി.എം, ഡി.വൈ.എഫ്.ഐ, മഹിള അസോസിയേഷൻ സംഘടനകൾ ദത്തെടുത്ത് സംരക്ഷിക്കും.
സഞ്ചയന ദിവസമായ തിങ്കളാഴ്ച വിനീതയുടെ നെടുമങ്ങാട് കരിപ്പൂര് വാണ്ട ചാരുവള്ളിക്കോണത്തെ വീട്ടിൽ സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ ഇക്കാര്യം അറിയിച്ചു. രണ്ടുവർഷം മുമ്പ് വിനീതയുടെ ഭർത്താവ് സെന്തിൽകുമാറും മരിച്ചിരുന്നു.
പേരൂർക്കട അമ്പലംമുക്ക് കുറവൻകോണം റോഡിൽ ടാബ്സ് ഗ്രീൻ ടെക് അഗ്രോ ക്ലിനിക്കിലെ ജീവനക്കാരിയായിരിക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് വിനീത (37) കൊല്ലപ്പെട്ടത്. കൊടും ക്രിമിനലും മോഷ്ടാവുമായ കന്യാകുമാരി ജില്ലയിൽ തോവാള വെള്ളമഠം സ്വദേശി രാജേഷ് (രാജേന്ദ്രൻ-47) വിനീതയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കവരുന്നതിനായിട്ടായിരുന്നു കൊലപാതകം നടത്തിയത്.
കരുപ്പൂര് എച്ച്.എസിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അക്ഷയ്കുമാറും നെടുമങ്ങാട് യു.പി.എസിൽ ആറാംക്ലാസിൽ പഠിക്കുന്ന അനന്യയുമാണ് വിനീതയുടെ മക്കൾ. വിനീതയുടെ മാതാപിതാക്കളായ വിജയൻ, രാഗിണി എന്നിവരും ഇവരോടൊപ്പമാണ് താമസം. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ഇരുവരും ചികിത്സയിലുമാണ്. ബന്ധുക്കൾ ദാനമായി നൽകിയ അഞ്ചു സെന്റ് പുരയിടത്തിൽ ആസ്ബറ്റോസ് ഷീറ്റിട്ട ഒരു കുടുസു കെട്ടിടത്തിലാണ് കുടുംബം വസിക്കുന്നത്. കുടുംബത്തിന് സി.പി.എം ഏരിയ കമ്മിറ്റി വീട് നിർമിച്ചുനൽകുമെന്ന് ഏരിയ സെക്രട്ടറി ആർ. ജയദേവൻ പറഞ്ഞു. 2023 ജൂണിന് മുമ്പ് ഇതു പൂർത്തിയാക്കി നൽകും.
സുഗമമായ ഗതാഗതസൗകര്യമില്ലാത്ത ഇടത്താണ് നിലവിലെ വീട് എന്നതിനാൽ കുറച്ചുകൂടി നഗരത്തിലേക്ക് മാറി വസ്തുവാങ്ങി വീട് നിർമിച്ചു നൽകാനായിരുന്നു തീരുമാനം. മാതാപിതാക്കളുടെ മൃതദേഹങ്ങൾ മറവ് ചെയ്തിടത്തുതന്നെ വീടുണ്ടാകണമെന്നാണ് മക്കളുടെ ആഗ്രഹമെന്നതിനാൽ നിലവിൽ വീടിരിക്കുന്ന പുരയിടത്തിൽതന്നെ പുതിയ വീട് പണിയും. മാതാപിതാക്കളുടെ ചികിത്സാ ചെലവും സി.പി.എം വഹിക്കും.
പഴകുറ്റി ലോക്കൽ കമ്മിറ്റി വീടിന്റെ നിർമാണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. മകൾ അനന്യയുടെ വിദ്യാഭ്യാസ ചുമതല ജനാധിപത്യ മഹിള അസോസിയേഷൻ നെടുമങ്ങാട് ഏരിയ കമ്മിറ്റി നിർവഹിക്കും. അക്ഷയ്കുമാറിന്റെ പഠന ചുമതല ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. ആദ്യ സഹായമെന്നോണം പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം ഷിജൂഖാൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.പി. പ്രമോഷ്, നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ലേഖാ സുരേഷ്, പി. ഹരികേശൻ നായർ, മന്നൂർക്കോണം രാജേന്ദ്രൻ, എൻ.ആർ. ബൈജു, വാർഡ് കൗൺസിലർ പി. വസന്തകുമാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.