കുടിവെള്ള ക്ഷാമം രൂക്ഷം; സംരക്ഷണമില്ലാതെ ജലസ്രോതസ്സുകൾ
text_fieldsനെടുമങ്ങാട്: വനമേഖലയിലെ ജലസ്രോതസ്സുകൾ ഉൾപ്പെടെ വറ്റിവരണ്ട സാഹചര്യത്തിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. കാട്ടരുവികളിലും നീർച്ചോലകളിലും നീരൊഴുക്ക് കാര്യമായി കുറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെ വെള്ളച്ചാട്ടങ്ങളും വരൾച്ചയുടെ പിടിയിലേക്ക് നീങ്ങുന്നു.
മങ്കയം ഇക്കോ ടൂറിസം, കല്ലാർ മീൻമുട്ടി, ഗോൾഡൻ വാലി എന്നിവിടങ്ങളിൽ വെള്ളം വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. കാട്ടാറുകളിലും നീർച്ചോലകളിലും വേണ്ടത്ര വെള്ളം കിട്ടാതെവന്നതോടെ വന്യമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങുന്നതും പതിവായി.
വാമനപുരം നദി, കരമനയാർ, കിള്ളിയാർ, കല്ലാർ, ചിറ്റാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറയുകയാണ്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ, ഈയക്കോട്, കാട്ടിലക്കുഴി, അഗ്രിഫാം, വിതുരയിലെ സൂര്യൻതോൽ, തൊളിക്കോട്ടെ ചീറ്റിപ്പാറ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളെത്തി നിരാശയോടെ മടങ്ങുന്നു.
കല്ലാർ, ചെമ്പിക്കുന്ന്, പോട്ടോമാവ്, ശംഖിലി, ശാസ്താംനട, അടിപറമ്പ്, ഇടിഞ്ഞാർ, വെങ്കിട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് മൃഗങ്ങൾ ദാഹജലം തേടി കൂടുതലായി ഗ്രാമങ്ങളിലേക്കിറങ്ങുന്നത്. ഇങ്ങനെയെത്തുന്ന മൃഗങ്ങൾ വ്യാപക കൃഷിനാശവും വരുത്തുന്നു.
ഗ്രാമങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ നടപടികളില്ല. സ്വാഭാവിക വനങ്ങളുടെ നാശവും അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റ്സ് തുടങ്ങിയ മണ്ണിൽനിന്ന് ജലം ഊറ്റിയെടുക്കുന്ന മരങ്ങൾ നട്ടുപിടിപ്പിച്ചതും വനമേഖലകളോടു ചേർന്നുള്ള പ്രദേശങ്ങളിൽപോലും രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണമാകുന്നു.
ഗ്രാമങ്ങളിൽ നിരവധി കുളങ്ങളും നീർച്ചാലുകളും തണ്ണീർതടങ്ങളും ഇതിനകം മണ്ണിട്ട് നികത്തിക്കഴിഞ്ഞു.നെടുമങ്ങാട് താലൂക്കിൽ ഹെക്ടർ കണക്കിന് നെൽവയലുകളാണ് മണ്ണിട്ട് നികത്തി കരഭൂമിയാക്കി മാറ്റിയത്. റോഡു നിർമാണത്തിനായി നാടിനെ ജലസമൃദ്ധമാക്കിയിരുന്ന കൈതോടുകളും നികത്തിക്കഴിഞ്ഞു.
ശേഷിക്കുന്നവ മാലിന്യം നിറഞ്ഞ അഴുക്കുചാലുകളാണ്. വേനൽ ഇനിയും ശക്തിപ്പെട്ടാൽ വരും ദിവസങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാകും. പിന്നെ ശുദ്ധജലത്തിനായി പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ അലയേണ്ടിവരും. ടാങ്കറുകളിൽ എത്തുന്ന വെള്ളമാണ് പിന്നെ ഏക ആശ്രയം. വേനൽ കടുത്തതോടെ ഗ്രാമീണമേഖലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട്, തൊളിക്കോട് ഗ്രാമപഞ്ചായത്തുകളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. പെരിങ്ങമ്മല പഞ്ചായത്തിൽ ആകെയുള്ളത് കുണ്ടാളൻകുഴി കുടിവെള്ള പദ്ധതി മാത്രമാണ്. ചുരുക്കം ചില വാർഡുകളിൽ മാത്രമാണ് ഇവിടെനിന്ന് വെള്ളം എത്തുന്നത്. പെരിങ്ങമ്മല, നന്ദിയോട്, വിതുര പഞ്ചായത്തുകളിൽ വേനലായാൽ കൂടുതലും ആശ്രയിക്കുന്നത് വാമനപുരം, ചിറ്റാർ നദികളെയാണ്.
നന്ദിയോട്, ആനാട് പഞ്ചായത്തുകൾക്കായി കൊണ്ടുവന്ന പദ്ധതി 13 വർഷമായിട്ടും എങ്ങുമെത്തിയില്ല. പെരിങ്ങമ്മല പഞ്ചായത്തിന്റെ പാപ്പനംകോട് കുടിവെള്ള പദ്ധതിയും ഇഴഞ്ഞുനീങ്ങുന്നു. ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയുടെ അവസ്ഥയും മറ്റൊന്നല്ല.
തലസ്ഥാനനഗരിക്ക് കുടിവെള്ളം നൽകുന്ന അരുവിക്കര തൊട്ടടുത്താണെങ്കിലും കരകുളം പഞ്ചായത്തിലെ കുറച്ചു പ്രദേശങ്ങളിൽ മാത്രമാണ് ഇവിടെനിന്ന് വെള്ളമെത്തുന്നത്. അരുവിക്കര പഞ്ചായത്തിലെ എല്ലാ വാർഡിലും ഇതുവരെ പൈപ്പു ലൈൻ എത്തിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.