അതിദാരിദ്ര്യം അവസാനിപ്പിക്കുക സർക്കാർ ലക്ഷ്യം -എം.വി. ഗോവിന്ദൻ
text_fieldsനെടുമങ്ങാട്: അദാനിയെയും അംബാനിയെയും ദത്തെടുത്ത സർക്കാറാണ് മോദിയുടേതെങ്കിൽ അതിദരിദ്രരായ 64,006 പേരെ ദത്തെടുക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് നെടുമങ്ങാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവർക്ക് ഭക്ഷണം, ചികിത്സ, താമസം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി അതി ദാരിദ്ര്യം അവസാനിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.
ഇന്ത്യയിൽ അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് സർക്കാറിനെതിരെ കേന്ദ്ര സർക്കാറും ബൂർഷ പാർട്ടികളും വലതുപക്ഷ മാധ്യമങ്ങളും ചേർന്നുനിൽക്കുകയാണ്. സർക്കാറിന്റെ തലവനായ പിണറായി വിജയനും കുടുംബത്തിനുമെതിരെ വലിയ അപവാദ പ്രചാരണമാണ് നടത്തുന്നത്.
ഫ്യൂഡൽ സംസ്കാരത്തിന്റെയും ചാതുർവർണ്യത്തിന്റെയും ജീർണതയിൽനിന്ന് കോൺഗ്രസ് ഇനിയും മുക്തമായിട്ടില്ലെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിക്കെതിരെ കെ.പി.സി. സി പ്രസിഡന്റിന്റെ പദപ്രയോഗമെന്നും ഗോവിന്ദൻ പറഞ്ഞു. എസ്. എസ്. രാജലാൽ അധ്യക്ഷത വഹിച്ചു.
കെ.ടി. ജലീൽ, ജയിക് സി. തോമസ് എന്നിവർ സംസാരിച്ചു. എ.എ. റഹിം എം.പി, വി. ജോയ് എം.എൽ.എ, എം. വിജയകുമാർ, ആർ. ജയദേവൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.