അമ്മാമ്പാറയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു
text_fieldsനെടുമങ്ങാട്: വേങ്കോട് അമ്മാമ്പാറയിൽ കൈയേറ്റമൊഴിപ്പിക്കൽ നടപടി. പത്തരയേക്കറിൽ വ്യാപിച്ചുകിടക്കുന്ന അമ്മാമ്പാറയിൽ സ്വകാര്യവ്യക്തികൾ കൈയേറി നടത്തിയ നിർമാണപ്രവർത്തനങ്ങളാണ് തഹസിൽദാറുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കുന്നത്. പാറക്കൂട്ടം ഉൾപ്പെടുന്ന പത്തേക്കർ സ്ഥലം കവി കുമാരനാശാന്റെ പേരിലായിരുന്നുവെന്ന് രേഖകൾ തെളിയിക്കുന്നു.
കവിയുടെ പിൻമുറക്കാർ ഏറെക്കാലം ഇവിടെ താമസവുമുണ്ടായിരുന്നു. കുമാരനാശാന്റെ കാവ്യജീവിതത്തിന്റെ തട്ടകമായിരുന്ന അമ്മാമ്പാറയും പരിസരവും സമീപകാലത്ത് സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. പാറക്കൂട്ടത്തിന്റെ മുകൾഭാഗം സഞ്ചാരികളെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്. ശ്രദ്ധേയമായ ഹിൽടോപ് ടൂറിസം മേഖലയായി അമ്മാമ്പാറയെ മാറ്റിയെടുക്കാനാകും.
നെടുമങ്ങാട്ടുനിന്ന് എട്ടുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കൈയേറ്റത്തിനെതിരെ ജനകീയ സമരസമിതി രൂപവത്കരിച്ച് സമരപരിപാടികൾ നടത്തിയിരുന്നു. തുടർന്ന് പാറയും പരിസരവും സർവേ നടത്തി അളന്നുതിട്ടപ്പെടുത്തുന്നതിനായി റവന്യൂ വിഭാഗം സംയുക്ത പരിശോധന നടത്തി. മന്ത്രി ജി.ആർ. അനിൽ സ്ഥലം സന്ദർശിക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും ചെയ്തു.
പാറക്ക് മുകളിൽ നിർമിച്ച കെട്ടിടങ്ങൾ എക്സ്കവേറ്റർ ഉപയോഗിച്ച് ഇടിച്ചുനീക്കി അതിര് കല്ലുകളിട്ട് സംരക്ഷണവേലി നിർമിക്കും. ടൂറിസത്തിന് പ്രാധാന്യം നൽകി സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ ആദ്യ ശനിയാഴ്ചയിൽ ചേരുന്ന ജനകീയകൂട്ടായ്മയിൽ ഇതിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് അമ്മാമ്പാറ സംരക്ഷണസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.