വനം സംരക്ഷണ സമിതി മുൻ അംഗത്തെ മർദിച്ചു; രണ്ട് വനപാലകർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്
text_fieldsനെടുമങ്ങാട്: കേസന്വേഷണവുമായി എത്തിയ വനം ഉദ്യോഗസ്ഥർ കല്ലാർ, വനസംരക്ഷണ സമിതി മുൻ അംഗവും നിത്യരോഗിയുമായ വൃദ്ധനെ മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനപാലകർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ വിതുര പൊലീസ് കേസെടുത്തു.
വനസംരക്ഷണസമിതി മുൻ അംഗമായ വിതുര കല്ലാർ രേഷ്മ ഭവനിൽ ടി. രാജു (60) വാണ് തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം മർദിച്ചതായി വിതുര പൊലീസിൽ പരാതി നൽകിയത്.
വനംവകുപ്പിലെ വനിത ഉദ്യോഗസ്ഥ ജാതിപറഞ്ഞ് അധിക്ഷേപിച്ചു എന്ന വ്യാജപരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുകൂലമായി മൊഴി നൽകാത്തതിൽ ക്ഷുഭിതരായ ഉദ്യോഗസ്ഥരാണ് തന്നെ മർദിച്ചതെന്ന് രാജു പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിതുര സെക്ഷൻ ഫോറസ്റ്ററും കല്ലാർ മീൻമുട്ടി വനം സംരക്ഷണ സമിതി സെക്രട്ടറിയുമായ മധു, ഫ്ലൈയിങ് സെക്ഷൻ ഫേറസ്റ്റ് ഓഫിസർ അനിൽ ചന്ദ്രൻ, ഇരുവരുടെയും സുഹൃത്തും കല്ലാർ സ്വദേശിയും വനസംരക്ഷണസമിതി പ്രസിഡന്റുമായ അജിൽകുമാർ എന്നിവർക്കെതിരെയാണ് വിതുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ 29ന് രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം. കല്ലാർ ജങ്ഷന് സമീപം പൂടയംകുന്ന് എന്ന സ്ഥലത്തുെവച്ച് നടന്നുപോകുന്ന വഴി തടസ്സപ്പെടുത്തി നിന്ന സംഘം രാജുവിനെ തടഞ്ഞുനിർത്തി. പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആരെങ്കിലും മൊഴി നൽകിയോ എന്നും വനസംരക്ഷണ സമിതി കമ്മിറ്റിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്നും ചോദിച്ചായിരുന്നു മർദനമെത്ര.
നിത്യരോഗിയായ തന്നെ മർദിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാജു ആവശ്യപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.