കർഷക അദാലത്: ആവലാതികൾ വേദിയിൽ തീർപ്പാക്കി മന്ത്രിമാർ
text_fieldsനെടുമങ്ങാട്: കൃഷിദർശൻ പരിപാടിയോടാനുബന്ധിച്ച് നടത്തിയ കാർഷിക അദാലത്തിൽ കർഷകരുടെ പരാതികളും നിവേദനങ്ങളും മന്ത്രിമാർ പരിശോധിക്കുകയും വേദിയിൽവെച്ച് പരിഹാരം കാണുകയും ചെയ്തു.
മന്ത്രിമാരായ പി. പ്രസാദും ജി.ആർ. അനിലും പങ്കെടുത്ത അദാലത്തിൽ ഓൺലൈനായി ലഭിച്ച 36 പരാതികളും വേദിയിൽ നേരിട്ട് ലഭിച്ച രണ്ട് പരാതികളും കൃഷിമന്ത്രി പരിശോധിക്കുകയും വേദിയിലെത്തിയ 14 കർഷകരെ നേരിൽ കേൾക്കുകയും ചെയ്തു.
ഹോർട്ടികോർപിൽനിന്ന് 9853 കർഷകർക്ക് നൽകേണ്ട 4.77 കോടി കുടിശ്ശിക ജനുവരി 31നുള്ളിൽ നൽകും. ഇതുവഴി നെടുമങ്ങാട് വേൾഡ് മാർക്കറ്റിൽ ഉൽപന്നങ്ങൾ നൽകിയ 239 കർഷകർക്ക് 77.25 ലക്ഷം രൂപ ലഭിക്കും. വെമ്പായം വിപണിയിൽ ഉൽപന്നങ്ങൾ നൽകിയ 102 കർഷകർക്ക് ലഭിക്കേണ്ട 8.34 ലക്ഷം രൂപയും നൽകും.
വന്യജീവി ആക്രമണം പ്രതിരോധിക്കാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ സോളാർ വേലി, ജൈവവേലി, ജൈവ വികർഷണി തുടങ്ങിയവക്കായി 40 ലക്ഷം രൂപ അനുവദിച്ചു. കരകുളം കൃഷിഭവന്റെ എക്സ്റ്റൻഷൻ സെന്റർ വട്ടപ്പാറയിൽ ആരംഭിക്കാനുള്ള ഉത്തരവ് വേദിയിൽ തയാറാക്കി.
ഒരു ലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതിയിലൂടെ ബ്ലോക്കിലെ 55 കർഷകർക്ക് 23.14 ലക്ഷം രൂപ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു. നെടുമങ്ങാട് കൃഷിഭവൻ പരിധിയിൽ ഇക്കോ ഷോപ്പ് സ്ഥാപിക്കാൻ കൃഷി ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
അദാലത്തിൽ കൃഷിവകുപ്പ് സെക്രട്ടറി ബി. അശോക്, കൃഷി ഡയറക്ടർ ടി.വി. സുഭാഷ്, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സുബ്രഹ്മണ്യൻ എസ്, ഡബ്ല്യു.ടി.ഒ സ്പെഷൽ ഓഫിസർ ആരതി എൽ.ആർ, കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷി അഡീഷനൽ സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അഡീഷനൽ ഡയറക്ടർമാർ, കാർഷിക സർവകലാശാലയിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.