വിയർപ്പിന്റെ ഫലം തേടി കണ്ണീരോടെ കർഷകർ
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽനിന്ന് പച്ചക്കറി സംഭരിച്ച വകയിൽ കർഷകർക്ക് ഹോർട്ടികോർപ് നൽകാനുള്ളത് അരക്കോടിയിലേറെ രൂപ. വിയർപ്പൊഴുക്കി നേടിയതിന്റെ ഫലത്തിനായി കണ്ണീരൊഴുക്കി കാത്തിരിക്കേണ്ട ഗതികേടിലാണ് നെടുമങ്ങാട്ടെ ഒരുകൂട്ടം കർഷകർ.
തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ഉൽപന്നങ്ങൾക്ക് ഹോർട്ടികോർപ് പണം നൽകാത്തതാണ് കർഷകരെ കണ്ണീർകുടിപ്പിക്കുന്നത്. കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കി പകലന്തിയോളം പണിയെടുത്ത കർഷകർ ഇതോടെ കടക്കെണിയിലായി.
കോവിഡ് മഹാമാരിയിൽ കനത്ത നഷ്ടത്തിലായ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ കർഷകർ വിഷമിക്കുമ്പോഴാണ് ഉൽപന്നങ്ങളുടെ വില യഥാസമയം നൽകാതെ ഹോർട്ടികോർപ് കർഷകരെ വലയ്ക്കുന്നത്. നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്ത വ്യാപാര വിപണിയിൽനിന്ന് 2021ആഗസ്റ്റ് രണ്ടുമുതൽ ഒക്ടോബർ 29 വരെ ഹോർട്ടികോർപ് സംഭരിച്ച പച്ചക്കറിയുടെ വിലയാണ് ഇനിയും കിട്ടാനുള്ളത്. ആകെ 55,86,587 രൂപ മൊത്ത വ്യാപാരവിപണിയിൽനിന്ന് ഉൽപന്നങ്ങൾ സംഭരിച്ച വകയിൽ സംസ്ഥാന ഹോർട്ടികോർപ് കർഷകർക്ക് നൽകാനുണ്ട്.
ഓരോ കർഷകനും 80000 രൂപ മുതൽ 1.86 ലക്ഷം രൂപവരെ ലഭിക്കാനുണ്ട്.ആഴ്ചയിൽ മൂന്നുദിവസമാണ് വിപണി പ്രവർത്തിക്കുന്നത്. ഓരോ ആഴ്ചയിലെയും തുക അതത് ആഴ്ചതന്നെ കർഷകർക്ക് കൊടുത്തുതീർക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി ഹോർട്ടികോർപ് ആറേഴുമാസത്തെ പണം കുടിശ്ശികയിട്ടാണ് നൽകുന്നത്.
ഇതു വാങ്ങാനായി മിക്കപ്പോഴും സമരം ചെയ്യുകയോ കോടതി കയറുകയോ വേണമെന്ന് കർഷകർ പറയുന്നു. ഓണക്കാലത്തും സമരം ചെയ്തതിനുശേഷമാണ് കർഷകർക്ക് തുക കിട്ടിയത്.
മാസത്തിൽ എല്ലാ ദിവസവും കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് ഇതല്ലാതെ മറ്റു വരുമാനങ്ങൾ ഒന്നും തന്നെയില്ല. മാത്രമല്ല ഏക്കർ കണക്കിന് കൃഷിഭൂമി പാട്ടത്തിനെടുത്താണ് മിക്ക കർഷകരും കൃഷി ചെയ്യുന്നത്. പാട്ടത്തുക വർഷാവസാനമാണ് കൊടുക്കേണ്ടത്. ഹോർട്ടികോർപ് പണം നൽകാത്തതോടെ പാട്ടത്തുക നൽകാതെ അടുത്ത കൃഷിയിറക്കലിന് ഭൂമി കിട്ടാത്ത അവസ്ഥയുമുണ്ട്.
കൃഷിയിറക്കിയുണ്ടാക്കുന്ന ഉൽപന്നങ്ങളുടെ വില യഥാസമയം ലഭിക്കേണ്ടത് തങ്ങൾക്കുള്ള സൗജന്യമല്ലെന്നും അവകാശമാണെന്നും കർഷകർ പറയുന്നു. ഇവിടെനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ് അവരുടെ ഔട്ട്ലറ്റുകൾ വഴി വിറ്റഴിക്കുമ്പോൾ നയാപൈസ കടം പോകുന്നില്ല. ഔട്ട്ലെറ്റുകളിൽ ചരക്കിറക്കുന്ന സമയം കമീഷൻ കഴിച്ചുള്ള വില ഇവിടെനിന്ന് ഹോർട്ടികോർപ് വാങ്ങുന്നു.
എന്നിട്ടും, പണമില്ലെന്നാണ് ഹോർട്ടികോർപ് പറയുന്നത്. കോവിഡിന്റെയും കാലവർഷ കെടുതികളുടെയും പശ്ചാത്തലത്തിൽ കർഷകരുടെ കഷ്ടപ്പാടുകളും പ്രയാസങ്ങളും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് കർഷകരുടെ പരാതി. കുടിശ്ശിക തുക അനുവദിച്ചു കിട്ടുന്നതിനായി നിരവധി തവണ കൃഷിമന്ത്രിക്ക് നിവേദനം നൽകിയിട്ടും ഫലമില്ലെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.