പി.പി.ഇ കിറ്റും മാസ്കും വാങ്ങാൻ സ്വന്തം കൈയിൽനിന്ന് ഒരുലക്ഷം രൂപ നൽകി നിയുക്ത എം.എൽ.എ
text_fieldsനെടുമങ്ങാട്: എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ജി.ആർ. അനിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സ്വന്തം കൈയിൽനിന്ന് ഒരു ലക്ഷം രൂപ സംഭാവന നൽകി.
ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റും മാസ്കും വാങ്ങുന്നതിനാണ് ഒരു ലക്ഷം രൂപ ആശുപത്രി സൂപ്രണ്ട് ശിൽപാ ബാബുതോമസിന് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിനുവേണ്ടിയാണ് എം.എൽ.എ എന്ന നിലയിൽ സ്വന്തം കൈയിൽനിന്ന് പണം നൽകുന്നതെന്നും ഇതൊരു സന്ദേശമായി ഉൾക്കൊണ്ട് കഴിയുന്ന നിലയിലുള്ള ധനസഹായം എല്ലാവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകണമെന്നും തുടർന്ന് നടന്ന വാർത്തസമ്മേളനത്തിൽ അനിൽ അഭ്യർഥിച്ചു.
കോവിഡ് പ്രതിരോധ സാധനസാമഗ്രികൾ വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഒരു ലക്ഷം രൂപയും നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഓക്സിജൻ സൗകര്യത്തോടുകൂടിയ ആംബുലൻസ് നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് നൽകിയെന്നും കോവിഡ് പ്രതിരോധപ്രവർത്തനത്തിന് വേണ്ടി ഊർജിതമായി പ്രവർത്തിക്കുമെന്നും പ്രതിരോധനടപടിക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്‌സിൻ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജനം വാക്‌സിനായി പരക്കംപായുന്നത് ഒഴിവാക്കണം. വരും ദിവസങ്ങളിൽ വാക്‌സിൻ വിതരണം കൂടുതൽ കാര്യക്ഷമമാകുമെന്നും ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.