കർഷകർക്ക് ആറുമാസമായി പണം നൽകാതെ ഹോർട്ടികോർപ്
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽ ഉൽപന്നങ്ങൾ നൽകുന്ന കർഷകർക്ക് ആറുമാസമായി പണം കിട്ടുന്നില്ലെന്ന് പരാതി. നെടുമങ്ങാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ള 120-ൽ അധികം കർഷകരാണ് വില കിട്ടാതെ ദുരിതത്തിലായത്. മൊത്ത വ്യാപാര വിപണിയിൽ സംസ്ഥാന ഹോർട്ടികോർപിനാണ് കർഷകർ ഉൽപന്നങ്ങൾ നൽകി പണത്തിനായി കാത്തിരിക്കേണ്ടി വരുന്നത്.
ഓരോ തവണയും സമരംചെയ്താൽ മാത്രമേ ഹോർട്ടികോർപ് പണം നൽകൂ എന്ന സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു. നിലവിൽ 2021 ആഗസ്റ്റ് മുതലുള്ള ഉൽപന്നങ്ങളുടെ വിലയാണ് കർഷകർക്ക് കിട്ടാനുള്ളത്.
ഓരോ കർഷകനും 80,000 രൂപ മുതൽ 1.86 ലക്ഷം രൂപവരെ ലഭിക്കാനുണ്ട്. 120ൽ അധികം കർഷകർക്കായി ഏകദേശം 91 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് കർഷകർ കൃഷി മന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്.
ആഴ്ചയിൽ മൂന്നുദിവസമാണ് അന്താരാഷ്ട്ര മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഓരോ ആഴ്ചയിലേയും തുക അതത് ആഴ്ചതന്നെ കർഷകർക്കു കൊടുത്തു തീർക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി ഹോർട്ടികോർപ് ആറേഴുമാസത്തെ പണം കുടിശ്ശികയിട്ടാണ് നൽകുന്നത്. ഇതു വാങ്ങാനായി മിക്കപ്പോഴും സമരം ചെയ്യുകയോ കോടതികയറുകയോ വേണമെന്ന് കർഷകർ പറയുന്നു. ഓണക്കാലത്തും സമരം ചെയ്തതിനുശേഷമാണ് കർഷകർക്ക് കിട്ടാനുള്ള തുക കിട്ടിയത്.
കോവിഡ് മഹാമാരിയിൽ കനത്ത നഷ്ടത്തിലായ കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുേമ്പാഴാണ് ഉൽപന്നങ്ങളുടെ വില യഥാസമയം നൽകാതെ ഹോർട്ടികോർപ് കർഷകരെ വലയ്ക്കുന്നത്.
മാസത്തിൽ എല്ലാ ദിവസവും കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് ഇതല്ലാതെ മറ്റു വരുമാനങ്ങൾ ഒന്നുംതന്നെയില്ല. മാത്രമല്ല ഏക്കർ കണക്കിനു കൃഷിഭൂമി പാട്ടത്തിനെടുത്താണ് മിക്ക കർഷകരും കൃഷി ചെയ്യുന്നത്. പാട്ടത്തുക വർഷാവസാനമാണ് കൊടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.