അരുവിക്കര ഡാം ഡിസില്‍റ്റേഷന്‍ പദ്ധതി ഉദ്ഘാടനം നാളെ
text_fieldsനെടുമങ്ങാട്: അരുവിക്കര ഡാമില്‍നിന്ന് എക്കലും മണ്ണും മാറ്റുന്ന ഡിസില്‍റ്റേഷന്‍ പദ്ധതി ബുധനാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ജി. സ്റ്റീഫന്‍ എം.എല്‍.എ അറിയിച്ചു. അരുവിക്കര ഡാമിൽ മണ്ണും മണലും അടിഞ്ഞു കൂടി സംഭരണശേഷിയിൽ കുറവ് സംഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനെ (കെ.ഐ.ഐ.ഡി.സി.) ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ പ്രവൃത്തികൾ കെ.ഐ.ഐ.ഡി.സി പൂർത്തീകരിച്ച് വിശദമായ ഡി.പി.ആർ തയാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി ആരംഭിക്കുന്നത്.
ന്യൂമാറ്റിക് സക്ഷന്‍ പമ്പോ, കട്ടര്‍ സക്ഷന്‍ ഡ്രെഡ്ജറോ ഉപയോഗിച്ച് ഡാമിലെ മണ്ണും മണലും പമ്പു ചെയ്തു മാറ്റണം. വെള്ളത്തിന്റെ അംശമുള്ള മാലിന്യവും മണലും വേര്‍തിരിക്കാനുള്ള മെഷീനും ഉപയോഗിക്കണം. എന്‍വയണ്‍മെന്റ് മാനേജ്മെന്റ് പദ്ധതി അനുസരിച്ചാണ് കരാറുകാരന് പണി പൂര്‍ത്തിയാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
ഈ വിഷയത്തില്‍ നിയമസഭയിൽ സബ്മിഷന് ഉന്നയിച്ചതിന് ശേഷമാണ് വകുപ്പ് നടപടികളിലേക്ക് കടന്നത്. എന്നാല്‍, സാങ്കേതിക തടസ്സങ്ങളില്‍ കുരുങ്ങി നടപടി ക്രമങ്ങള്‍ വൈകുകയായിരുന്നു. അരുവിക്കരയിൽ 1934ൽ കരമാനയാറിനു കുറുകെ നിർമിച്ചിരിക്കുന്ന ആർച്ച് ഡാമാണ് അരുവിക്കര ഡാം.
തിരുവനന്തപുരം നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണ ആവശ്യങ്ങൾ നിറവേറ്റുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് അരുവിക്കര ഡാമാണ്.
ഡിവൈൻ ഷിപ്പിങ് സർവിസസ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. 13.88 കോടിയാണ് കരാർ തുക. പ്രസ്തുത ഡിസിൽറ്റേഷൻ പദ്ധതിയിൽ 10,24,586 ക്യുബിക് മീറ്റർ ഡിസിൽറ്റ് ചെയ്യുന്നത് വഴി സർക്കാറിന് വരുമാനവും അരുവിക്കര ഡാമിൽ ഒരു മില്യൺ ക്യൂബിക് മീറ്റർ അധിക ജലസംഭരണശേഷിയും ഉറപ്പാക്കാനും സാധിക്കും.
അതുവഴി തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ കൂടുതൽ മെച്ചപ്പെടാനും സഹായകമാകുമെന്നാണ് പ്രതീക്ഷ. ബുധനാഴ്ച വൈകീട്ട് 4.30ന് ഡാം സൈറ്റിലാണ് ഉദ്ഘടന ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.