വാക്സിൻ നൽകുന്നത് സി.പി.എം പഞ്ചായത്ത് മെമ്പറുടെ ഇഷ്ടക്കാർക്ക് മാത്രം എന്ന് ആക്ഷേപം
text_fieldsനെടുമങ്ങാട്: പനവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനായുള്ള സ്പോട്ട് രജിസ്ട്രേഷനിൽ ക്രമക്കേട് നടക്കുന്നതായി ആക്ഷേപം. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായ സി.പി.എമ്മിലെ കെ.എൽ. രമ നൽകിയ ടോക്കൺ ഉള്ളവർക്ക് മാത്രമാണ് കഴിഞ്ഞ ദിവസം വാക്സിൻ ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ട് എന്ന് അറിഞ്ഞ് അതിരാവിലെ തന്നെ ആശുപത്രിയിൽ എത്തിയ സ്ത്രീകളും വൃദ്ധരും അടക്കമുള്ളവർ ഇതോടെ വാക്സിൻ ലഭിക്കാതെ തിരിച്ചുപോയി.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്‍റെ പേരും അഡ്രസ്സും അടങ്ങിയ സീല് വച്ച ടോക്കൺ ലഭിച്ചവർക്ക് മാത്രമേ വാക്സിൻ ലഭിച്ചുള്ളൂ. ഇത്തരം ടോക്കൺ തലേന്ന് തന്നെ ഇഷ്ടക്കാർക്ക് വിതരണം ചെയ്തിരുന്നെന്നും ആരോഗ്യ കേന്ദ്രത്തിൽ എത്തിയ മറ്റുള്ളവർക്ക് ലഭിച്ചില്ലെന്നുമാണ് പരാതി. ടോക്കൺ ലഭിക്കുന്നത് ഡോക്ടറുടെയും പഞ്ചായത്ത് അധികൃതരുടെയും ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും മാത്രമാണെന്നും പരക്കെ ആക്ഷേപം ഉണ്ട്.
സ്പോട്ട് രജിസ്ട്രേഷനിലൂടെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഇഷ്ടക്കാർക്ക് വാക്സിൻ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കംമൂലം മുൻപ് ഇരുന്ന ഡോക്ടറെ ഒറ്റ രാത്രി കൊണ്ട് മാറ്റി പകരം ഡോക്ടറെ നിയമിച്ചിരുന്നു. വാക്സിൻ വിതരണത്തിലെ ക്രമക്കേടും രാഷ്ട്രീയവൽക്കരണവും അവസാനിപ്പിക്കണമെന്നും അർഹതപ്പെട്ട എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യണമെന്നും കോൺഗ്രസ്സ് ജില്ലാകമ്മിറ്റി അംഗം ലാൽ വെള്ളാഞ്ചിറ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.