മാലിന്യവാഹിനിയായി കിള്ളിയാർ
text_fieldsനെടുമങ്ങാട്: മനുഷ്യാധ്വാനവും ലക്ഷങ്ങളും െചലവിട്ട് കൊട്ടിഗ്‌ഘോഷിച്ച് നടത്തിയ കിള്ളിയാർ മിഷന്‍ പദ്ധതി അവതാളത്തില്‍. പദ്ധതി നടപ്പാക്കി രണ്ടുവര്‍ഷത്തിനിപ്പുറം ആറും പരിസരവും മാലിന്യക്കൂമ്പാരമായി മാറി. തുടർപ്രവർത്തനങ്ങൾ നടക്കാതായതോടെയാണ് കിള്ളിയാർ വീണ്ടും മലിനമായിത്തീർന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, നെടുമങ്ങാട് നഗരസഭ, കരകുളം, അരുവിക്കര, പനവൂർ, ആനാട് പഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വത്തിലാണ് കിള്ളിയാർ മിഷൻ പ്രവർത്തനങ്ങൾ നടന്നത്.
ജനപങ്കാളിത്തത്തോടെ ആറ്റിൽ നിന്ന് നീക്കം ചെയ്ത മാലിന്യം മഴയിൽ തിരികെ കിള്ളിയാറിലെത്തി. ആറിന്റെ വശങ്ങളിൽ അനധികൃത നിർമാണങ്ങളും മാലിന്യം തള്ളലും ഇപ്പോഴും തുടരുന്നു. ൈകയേറ്റങ്ങളുടെ കണക്കെടുപ്പ് നടത്തുമെന്ന പ്രഖ്യാപനവും വെറും വാക്കായി.
സ്വന്തമായി ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് സംവിധാനമില്ലാത്ത ആറിന്റെ കരകളിൽ താമസിക്കുന്നവർക്ക് സെപ്റ്റേജ് മാലിന്യശേഖരണത്തിന് സംവിധാനമൊരുക്കാനുള്ള പദ്ധതി വെളിച്ചം കണ്ടില്ല. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച കിള്ളിയാറിനെ സംരക്ഷിക്കാൻ 'കിള്ളിയാറൊരുമ'എന്ന പേരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചാണ് പദ്ധതി നടപ്പാക്കിയത്. ആറിന്‍റെ ഉത്ഭവസ്ഥലമായ കരിഞ്ചാത്തിമൂല മുതൽ വഴയില പാലം വരെയുള്ള ഭാഗവും 31 കൈവഴികളും രണ്ടുഘട്ടങ്ങളിലായി ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു.
ആറിന്റെ ഒഴുക്കുതടഞ്ഞ മരങ്ങളുടെ കൊമ്പുകള്‍ മാറ്റിയും പുഴയിലടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും അന്ന് നീക്കം ചെയ്തിരുന്നു. ആയിരങ്ങളാണ് ആവേശത്തോടെ ഇതിൽ പങ്കാളികളായത്. നവീകരണത്തിനുശേഷം തീരത്ത് കേരള ബാംബൂ കോർപറേഷനും ബാംബൂ മിഷനും 5000 മുളന്തൈകൾ നട്ടു. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കിള്ളിയാർ ഒഴുകുന്ന കരിഞ്ചാത്തിമൂല മുതൽ വഴയില വരെയുള്ള 22 കിലോമീറ്റർ പ്രദേശത്താണ് മുളയും ഈറയും നട്ടുപിടിപ്പിച്ചത്.
വനംവകുപ്പിൽ നിന്നാണ് ബാംബൂ കോർപറേഷൻ തൈകൾ ലഭ്യമാക്കിയത്. വളർച്ചയെത്തുന്ന മുളകൾ ബാംബൂ കോർപറേഷൻ ശേഖരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നട്ട മുളകളിലൊന്നുപോലും കിളിർത്തില്ല. മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന കിള്ളിയാർ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം പൂർത്തിയായപ്പോഴും കോർപറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കിള്ളിയാർ സിറ്റി മിഷൻ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലായിരുന്നു.
ജനകീയ പങ്കാളിത്തത്തോടെ ഏകദിന ശുചീകരണം നടത്തിയ ശേഷം തുടർനടപടികൾ ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. രണ്ടാം ഘട്ടത്തിൽ യന്ത്രസഹായത്തോടെ മാലിന്യം നീക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. കോർപറേഷൻ ഏരിയ ഒഴികെ കിള്ളിയാറിന്റെ തീരം അളന്നുതിട്ടപ്പെടുത്തുന്ന പണിയാണ് പീന്നീട് നടന്നത്. പ്രത്യേക സർവേ സംഘം രൂപവത്കരിച്ചാണ് തീരം അളന്നത്.
അതിർത്തി കല്ലുകൾ സ്ഥാപിച്ചുപോയതല്ലാതെ ൈകയേറ്റം ഒഴിപ്പിക്കാേനാ പദ്ധതിയിൽ പ്രഖ്യാപിച്ചപോലെ തീരസംരക്ഷണം, തീരവികസനം തുടങ്ങിയവ നടപ്പാക്കാനോ കഴിഞ്ഞില്ല.
ചെക്ക്ഡാം, നടപ്പാത, വേലി എന്നിവ നിർമിക്കുന്നതിനാവശ്യമായ വിശദമായ പ്രോജക്ട് റിപ്പോർട്ടാണ് തയാറാക്കിയിരുന്നത്. എട്ടേ മുക്കാൽ കോടിയുടെ എസ്റ്റിമേറ്റ് ജലസേചനവകുപ്പ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും തുടർനടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.