കുളപ്പട അപകടം: ലോറി ഓടിച്ച ക്ലീനർ റിമാൻഡിൽ
text_fieldsനെടുമങ്ങാട്: കുളപ്പട ഏലിയാവൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറി ഒരാൾ മരിക്കുകയും മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ ലോറി ഓടിച്ച ക്ലീനർ റിമാൻഡിൽ. കുറ്റിച്ചൽ പരുത്തിപ്പള്ളി പിണർവിളാകത്ത് വീട്ടിൽ ദിലീപാണ് (34) റിമാൻഡിലായത്.
സംഭവ സ്ഥലത്തുനിന്ന് പിടികൂടുമ്പോൾതന്നെ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ആളുകൾക്ക് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് നടത്തിയ കൃത്യമായതിനാൽ 304ാം വകുപ്പ് കുറ്റകരമായ നരഹത്യക്കാണ് ആര്യനാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രിയോടെ പ്രതിയെ റിമാൻഡ് ചെയ്തു.
ഉഴമലയ്ക്കൽ കുളപ്പട എലിയാവൂർ എലിയാക്കോണത്തു വീട്ടിൽ ഷീലയാണ് (56) ഇക്കഴിഞ്ഞ ദിവസം നടന്ന ലോറി അപകടത്തിൽ ഉഴമലയ്ക്കൽ എലിയാവൂർ ശാന്തിഗിരി ബഥനി ആശ്രമ ജങ്ഷനിൽ മരിച്ചത്. സംഭവ സ്ഥലത്തുവെച്ച് ഇയാൾ നാട്ടുകാരോട് ഡ്രൈവർ ഓടി രക്ഷപ്പെട്ടെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
എന്നാൽ, രക്ഷാപ്രവർത്തനം നടത്തിയവർ ഇയാളാണ് വണ്ടിയോടിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് ഇയാളുടെ കള്ളക്കളി പുറത്തായത്. ഇയാൾക്ക് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് മാത്രമാണുള്ളത്. ഹെവി ലൈസൻസ് ഇല്ലാതെയാണ് ഇയാൾ വലിയ ലോറി ഓടിച്ച് അപകടമുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.