നെടുമങ്ങാട് കോളജിന് കെ.വി. സുരേന്ദ്രനാഥിന്റെ പേര്
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് ഗവ. കോളജ് കെ.വി. സുരേന്ദ്രനാഥ് മെമ്മോറിയല്‍ ഗവ. കോളജ് എന്ന് പുനർനാമകരണം ചെയ്തതായി ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ. അനില്‍ അറിയിച്ചു. നെടുമങ്ങാട് നഗരസഭ പാസാക്കിയ പ്രമേയത്തിന്റെയും നഗരസഭ കൗണ്‍സില്‍ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കെ.വി. സുരേന്ദ്രനാഥ് മുന്‍കൈയെടുത്താണ് മലയോരഗ്രാമമായ നെടുമങ്ങാട് 1981ൽ ഗവ. കോളജ് സ്ഥാപിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഉദ്ഘാടനം ചെയ്തത്.
കെ.വി. സുരേന്ദ്രനാഥ് 1980 മുതല്‍ 87 വരെ നെടുമങ്ങാട് എം.എല്‍.എയും 1996 ല്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.പിയുമായിരുന്നു. കോളജില്‍ ആർട്സ്, കോമേഴ്സ്, മലയാളം, ഇക്കണോമിക്സ് വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും മാത്ത്സ്, ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷനില്‍ ബിരുദ കോഴ്സുകളും നടന്നുവരുന്നു. കോമേഴ്സ്, മലയാളം വിഷയങ്ങളുടെ റിസർച് സെന്ററുമാണ്.
സയന്‍സ് വിഷയങ്ങളില്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കണമെന്നത് സർക്കാർ പരിഗണനയിലാണ്. നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
15 കോടിയിലേറെ രൂപയുടെ വികസനം
മന്ത്രി ജി.ആർ. അനിലിന്റെ ഇടപെടലിനെ തുടർന്നാണ് നെടുമങ്ങാട് ഗവ. കോളജിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കെ.വി. സുരേന്ദ്രനാഥ് മെമ്മോറിയല്‍ ഗവ. കോളജ് എന്ന് പുനർനാമകരണം ചെയ്തത്.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ പതിനഞ്ച് കോടിയിലേറെ രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കോളജില്‍ മന്ത്രി സാധ്യമാക്കിയത്. പുതിയ അക്കാദമിക് ബ്ലോക്കുകള്‍, വനിതാ ഹോസ്റ്റല്‍, ഗവേഷണ ബ്ലോക്കുകള്‍ എന്നിവയുടെ നിർമാണം പൂർത്തിയായി. കോളജിന് ചുറ്റുമതില്‍, ഹൈടെക് ലൈബ്രറി, പി.ജി ബ്ലോക്ക് എന്നിവ നിർമാണത്തിലാണ്.
കാർഷിക മലയോര പ്രദേശമായ നെടുമങ്ങാടിന്റെ വൈജ്ഞാനിക വിദ്യാഭ്യാസമേഖലക്ക് ഉണർവുനൽകിയ ഗവ. കോളജിന് സ്ഥാപിതമായി 43 വർഷങ്ങള്‍ക്കിപ്പുറം കോളജിന്റെ സ്ഥാപനത്തിൽ നിർണായക പങ്കുവഹിച്ച ആശാന്റെ പേര് നല്‍കുന്നത് അദ്ദേഹത്തിന് ഉചിതമായ സ്മാരകം കൂടിയാവുകയാണ്. ഡോ.എല്‍. ഷീലകുമാരിയാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.