ജനത്തെ ഭീതിയിലാക്കിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി
text_fieldsനെടുമങ്ങാട്: ജനത്തെ ഭീതിയിലാക്കിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. ആനാട് പഞ്ചായത്തിലെ കല്ലിയോട് ഇടവട്ടം അംഗൻവാടിക്ക് സമീപത്തുനിന്നാണ് പെരുമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം. വാർഡ് മെംബർ വേങ്കവിള സജിയുടെ നേതൃത്വത്തിലുള്ള നാട്ടുകാരടങ്ങിയ സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഒരു മാസം മുമ്പ് ഈ പരിസരപ്രദേശത്ത് പെരുമ്പാമ്പിനെ കണ്ടതിനെതുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
ആനാട് പഞ്ചായത്തിലെ തീർഥങ്കര വാർഡിലെ അയിര പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമായത്. അനേകം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ചതുപ്പ് നിറഞ്ഞ സ്ഥലത്താണ് പെരുമ്പാമ്പ് വാസം തുടങ്ങിയത്.
ചതുപ്പ് നിലത്തിൽ പെരുമ്പാമ്പിനെ കണ്ടതിനെതുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. തുടർന്നാണ് നാട്ടുകാർ ദൗത്യം ഏറ്റെടുത്തത്. സമീപ പ്രദേശത്തെ വീടുകളിൽനിന്ന് ആട്, നായ, പൂച്ച തുടങ്ങിയവ പെരുമ്പാമ്പിന്റെ ആക്രമണത്തിൽ ഇരയായിരുന്നു.
ഇതിനെതുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികാരികളെയും വനപാലകരെയും വിവരമറിയിച്ചിട്ടും പെരുമ്പാമ്പിനെ പിടികൂടാനാകാത്തത് കാരണം പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചെങ്കിലും അവരെ കൊണ്ടും പിടിക്കാൻ കഴിയാത്ത പെരുമ്പാമ്പിനെ വളരെ സാഹസികമായിട്ടാണ് നാട്ടുകാർ പിടികൂടിയത്. വിവരമറിയിച്ചതിനെതുടർന്ന് വനപാലകർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.