നവതിയുടെ നിറവിൽ പ്രഫ. നബീസ ഉമ്മാൾ
text_fieldsനെടുമങ്ങാട്: പോരാട്ട വീര്യത്തിെൻറ കരുത്തുമായി നവതിയുടെ നിറവിൽ പ്രഫ.എ. നബീസ ഉമ്മാൾ. സ്വപ്രയത്നവും ഇച്ഛാശക്തിയും കൊണ്ട് അധ്യാപനരംഗത്തും സാംസ്കാരിക രാഷ്ട്രീയരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വനിതക്ക് സമൂഹത്തിലെ നാനാതുറകളിലുള്ളവരും ശിഷ്യഗണങ്ങളും നേരിട്ടും അല്ലാതെയും ആശംസകൾ നേരുന്നു.
33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടെ പ്രിയങ്കരിയായ അധ്യാപികയായിരുന്ന പ്രഫ.എ. നബീസ ഉമ്മാളിന് രാഷ്ട്രീയ ഭേദമെന്യേ കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരിൽ പലരും ശിഷ്യരാണ്.
1931 ജൂൺ മൂന്നിന് ആറ്റിങ്ങൽ കല്ലൻവിള വീട്ടിൽ പൊലീസ് കോൺസ്റ്റബിളായിരുന്ന ഖാദർ മൊയ്തീെൻറയും അസനുമ്മാളുടെയും അഞ്ച് മക്കളിൽ ഇളയവളായാണ് നബീസ ഉമ്മാൾ ജനിച്ചത്. ആറ്റിങ്ങൽ സർക്കാർ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് ഇൻറർമീഡിയറ്റും ബി.എ ഇക്ണോമിക്സും പൊളിറ്റിക്കൽ ആൻഡ് ഇന്ത്യൻ ഹിസ്റ്ററിയിൽ ഡിസ്റ്റിങ്ഷനും നേടി.
യൂനിവേഴ്‌സിറ്റി കോളജിൽനിന്ന് മലയാളത്തിൽ എം.എ ബിരുദം നേടി. മലയാളത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്‌ലിം പെണ്‍കുട്ടികൂടിയായിരുന്നു. 1955 മുതൽ 12 വർഷം വിമൻസ് കോളജിലെ തേഡ് ഗ്രേഡ് ജൂനിയർ ലെക്ചറർ. വിവിധ കലാലയങ്ങളിലെ അധ്യാപക വൃത്തിക്കുശേഷം 1986 ൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്.
അധ്യാപനത്തോടൊപ്പം സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാകാൻ നബീസ ഉമ്മാളിെൻറ മികച്ച പ്രഭാഷണങ്ങൾക്കായി. ഒരിക്കൽ വി.ജെ.ടി ഹാളിൽ നബീസാ ഉമ്മാളിെൻറ പ്രസംഗം കേട്ട ഇ.എം.എസ് അവരെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. സി.പി.എം നേതാക്കളായ സുശീല ഗോപാലനും കാട്ടായിക്കോണം ശ്രീധറുമാണ് പാർട്ടി നിർദേശപ്രകാരം നബീസ ഉമ്മാളിനെ കണ്ടതും മത്സരിക്കണമെന്നാവശ്യപ്പെട്ടതും. 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ചു.
13108 വോട്ടിെൻറ ഭൂരിപക്ഷം നേടി വിജയിച്ചു. എന്നാൽ, 1991 ലെ തെരഞ്ഞെടുപ്പിൽ എം.വി. രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു.
1995 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അരശുപറമ്പ് വാർഡിൽനിന്ന് മത്സരിച്ച് വിജയിച്ച നബീസ ഉമ്മാൾ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായി. രാഷ്ട്രീയ ഭേദമില്ലാതെ കൗൺസിലിനെ നയിക്കാനും വികസന പ്രവർത്തനങ്ങൾ നടത്താനും ഇക്കാലയളവിൽ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.