തിരുവനന്തപുരം ജില്ലയിലെ ആദ്യ ഭൗമവിവര നഗരസഭയായി നെടുമങ്ങാട്
text_fieldsനെടുമങ്ങാട്: ജില്ലയിലെ ആദ്യത്തെ ഭൗമവിവര നഗരസഭയായി നെടുമങ്ങാട് നഗരസഭയെ പ്രഖ്യാപിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പ്രഖ്യാപനം നടത്തി.
സംസ്ഥാനത്തെ മൂന്നാമത്തെ ഭൗമവിവര നഗരസഭയാണ് നെടുമങ്ങാട്. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ അടിസ്ഥാനവിവരങ്ങൾ വിവരശേഖരണമായും ഭൂപടമാതൃകയിലും ഉൾപ്പെടുത്തി ജിയോ ഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.െഎ.എസ്) എന്ന സോഫ്റ്റ്വെയറാണ് തയാറാക്കിയിരിക്കുന്നത്. കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിെൻറ സാങ്കേതിക സഹായത്തോടെ 21 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. നഗരസഭയുടെ പരിധിയിൽവരുന്ന വീടുകൾ, കെട്ടിടങ്ങൾ എന്നിവ കെട്ടിട നമ്പറിെൻറ അടിസ്ഥാനത്തിൽ ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
റോഡുകൾ, അങ്കണവാടികൾ, സ്കൂളുകൾ, മറ്റ് പൊതു ഇടങ്ങൾ, ജലസ്രോതസ്സുകൾ, കൃഷിയിടങ്ങൾ തുടങ്ങിയവയുടെ സ്ഥാനങ്ങളും അവിടേക്ക് എത്തിച്ചേരാനുള്ള റോഡുകളും വ്യക്തമാക്കുന്ന ഡിജിറ്റൽ മാപ്പിങ് ഇതിലൂടെ ലഭ്യമാണ്. കൂടാതെ ഓരോ വീടിെൻറയും സാമൂഹിക-സാമ്പത്തികസ്ഥിതി, അംഗങ്ങളുടെ അടിസ്ഥാനവിവരങ്ങൾ, വളർത്തുമൃഗങ്ങൾ, പൊതു ടാപ്പുകൾ, വഴിവിളക്കുകൾ തുടങ്ങിയവയുടെയെല്ലാം കൃത്യമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിവരശേഖരണത്തിന് ഓരോ വാർഡിൽനിന്നും രണ്ട് പ്രവർത്തകരെ വീതം ചുമതലപ്പെടുത്തിയിരുന്നു. വീടുകൾ, സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി നിരവധിയിടങ്ങളിൽനിന്ന് സർവേ പ്രവർത്തനങ്ങൾ നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
ജി.െഎ.എസ് സോഫ്റ്റ്വെയർ പ്രവർത്തനക്ഷമമാകുന്നതോടെ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളും പദ്ധതി ആസൂത്രണവും നടത്തിപ്പും കൂടുതൽ സുഗമമാകും.
നഗരസഭയിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകൾക്കും ഭൗമവിവരശേഖരം പ്രയോജനപ്രദമാകും. ആവശ്യാനുസരണം സോഫ്റ്റ്വെയറിൽ വിവരങ്ങളുടെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും വരുത്താവുന്നതാണ്. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി. ഹരികേശൻ, ടി.ആർ. സുരേഷ്, കെ. ഗീതാകുമാരി, വിവിധ ജനപ്രതിനിധികൾ, നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ, നഗരസഭ എൻജിനീയർ പി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.