നെടുമങ്ങാട് ജില്ല ആശുപത്രി വികസനത്തിന് പദ്ധതി
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രി വികസനത്തിന് പുതിയ പദ്ധതികൾ നടപ്പാക്കും. മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് സമഗ്രവികസനത്തിന് തീരുമാനമായത്.
നെടുമങ്ങാട് എം.എൽ.എയും മന്ത്രി ജി.ആര്. അനിലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ആശുപത്രിയിലെ ഒ.പി ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കാഷ്വാലിറ്റി വിഭാഗം പുനഃക്രമീകരിച്ച് ട്രോമാ കെയര്‍ സംവിധാനംകൂടി നടപ്പാക്കും. ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറുടെ സേവനവും ഉറപ്പാക്കും.
മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് പാമ്പുകടിയേറ്റാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചെയ്യുന്നത്.
ഇത് ഒഴിവാക്കി നെടുമങ്ങാട് ആശുപത്രിയില്‍ ആന്റിവെനം ചികിത്സക്കായി ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്കി അവിടെ ചികിത്സ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. നിലവില്‍ രണ്ട് ഷിഫ്റ്റ് മാത്രമുണ്ടായിരുന്ന ഡയാലിസിസ് യൂനിറ്റ് മൂന്ന് ഷിഫ്റ്റ് ആയി ഉയര്‍ത്തി സ്റ്റാഫ് നഴ്സ്, ടെക്നീഷ്യന് എന്നിവരുടെ സേവനം ഉറപ്പുവരുത്തും. ഇതുവഴി വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവര്‍ക്ക് കൂടി ഡയാലിസിസ് ചികിത്സ ലഭ്യമാക്കാന്‍ കഴിയും.
ജില്ല ആശുപത്രി പരിസരത്ത് ഐസൊലേഷന്‍ വാര്‍ഡും ഓക്സിജന്‍ പ്ലാന്റും നിര്‍മിക്കും. കാലപ്പഴക്കം ചെയ്ത പഴയ കെട്ടിടം പൊളിച്ചുമാറ്റി ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനത്തോടുകൂടിയ ബഹുനില കെട്ടിടം നിര്‍മിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ 15 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിക്കും.
ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് നിര്‍മിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കും. ആരോഗ്യവകുപ്പ് ഡയറക്ടർമാരായ ഡോ. വി.ആർ. രാജു, അസി.ഡയറക്ടർ, ഡോ.ജഗദീശൻ, ഡോ.വീണ, ഡി.പി.എം (എന്‍.എച്ച്.എം) ഡോ. ആശ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.