നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളും പോളിടെക്നിക്കും വികസനക്കുതിപ്പിലേക്ക്
text_fieldsനെടുമങ്ങാട്: മലയോര മേഖലയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ച് നെടുമങ്ങാട് സർക്കാർ ടെക്നിക് ഹൈസ്‌കൂളും സർക്കാർ പോളിടെക്നിക് കോളജും പുതിയ ഉയരങ്ങളിലേക്ക്.
സാങ്കേതികരംഗത്ത് എണ്ണമറ്റ പ്രതിഭകളെ സംഭാവന ചെയ്ത ഈ കലാലയങ്ങളുടെ ഏറെക്കാലമായുള്ള മുറവിളിക്ക് പരിഹാരമായി 13 കോടിയിലേറെ ചെലവഴിച്ചു നിർമിച്ച മന്ദിരങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും.
1959ൽ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് ശിലാസ്ഥാപനം നടത്തി നിർമിച്ച 4500 ച.മീ ഉള്ള നാലുകെട്ട് മാതൃകയിലുള്ള മന്ദിരത്തിലാണ് നിലവിൽ ടെക്നിക്കൽ സ്‌കൂളിൽ ക്ലാസ് മുറികൾ ക്രമീകരിച്ചിട്ടുള്ളത്. സാങ്കേതികരംഗത്തെ പുരോഗതിക്കൊപ്പം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനാവാത്തത് തിരിച്ചടിയായിരുന്നു.
2019ൽ നിർമാണം ആരംഭിച്ച പുതിയ ബഹുനില മന്ദിരത്തിൽ ഒരു സെല്ലാർ ഫ്ലോറും, രണ്ടു നിലകളും ഉൾപ്പെടുന്ന 2500 ച.മീ വലുപ്പമുള്ള ബഹുനില മന്ദിരത്തിന് പുറമെ കളിസ്ഥലം, ഫിസിക്കൽ ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മൾട്ടിമീഡിയ റൂം എന്നിവയാണ് പുതുതായി സജ്ജമാക്കിയത്. ആറു കോടി ചെലവിട്ടാണ് കെട്ടിടം യാഥാർഥ്യമാക്കിയത്.
പോളിടെക്നിക് കോളജിൽ 6.5 കോടി രൂപ വിനിയോഗിച്ച് ബഹുനില കെട്ടിടത്തിന്‍റെ മൂന്നാം നിലയും 62 ലക്ഷം രൂപ ചെലവിട്ട് വർക്ക് ഷോപ് മന്ദിരവുമാണ് ഉദ്‌ഘാടനത്തിന് സജ്ജമായിട്ടുള്ളത്. ആകെ 7.12 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ ഇവിടെ പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.