കതിരിനേക്കാൾ കള; കരകയറാതെ നെൽകൃഷി
text_fieldsനെടുമങ്ങാട്: കള ശല്യം മൂലം നെൽ കൃഷി നടത്തുന്നവർ വലയുന്നു. കാലാവസ്ഥ വ്യതിയാനവും ഭീമമായ ജോലിക്കൂലിയും വന്യമൃഗങ്ങളുടെ ശല്യവും മിക്കയിടങ്ങളിലെ പാടശേഖരങ്ങളിലുമുണ്ട്. ഇതിനുപുറമയാണ് പുതിയതരം കളകൾ സൃഷ്ടിക്കുന്ന ദുരിതം വർധിച്ചത്.
കൃഷിയിറക്കുന്നവർക്ക് മുടക്കുമുതൽ പോലും തിരികെ കിട്ടുന്നില്ല. ജില്ലയിലെ പ്രധാന ഏലാകളിലേറെയും വിവിധ ആവശ്യങ്ങൾക്കായി നികത്തിക്കഴിഞ്ഞു. ശേഷിക്കുന്നവ നികത്തൽ ഭീഷണിയിലുമാണ്. ഭൂമാഫിയ പിടിമുറുക്കാത്ത ഏലാകൾ കുറവാണ്. അതേസമയം ത്രിതല പഞ്ചായത്തുകളുടെ ഇടപെടലുകൾമൂലം പലയിടത്തും തരിശിട്ടിരുന്ന നെൽപാടങ്ങൾ കൃഷിയിറക്കലിന് സജ്ജമാക്കിയിട്ടുണ്ട്.
പാടശേഖര സമിതികൾ രൂപവത്കരിച്ച് കർഷകർ മുന്നോട്ടുവന്നപ്പോൾ അവരെ സഹായിക്കാൻ പല പഞ്ചായത്ത് സമിതികളും പദ്ധതികളിൽ പ്രത്യേക ഫണ്ടുകൾ നീക്കിവെച്ചു.
ചില പഞ്ചായത്തുകൾ ഹെക്ടറിന് 20000 രൂപവരെ സബ്സിഡിയായി നൽകിയിരുന്നു. ഇത് കണ്ട് വയലിൽ തിട്ട കോരി പച്ചക്കറിയും മറ്റും കൃഷി ചെയ്തിരുന്നവരും നെൽകൃഷിയിലേക്ക് വന്നു. എന്നാൽ, രണ്ടുവർഷമായി പഞ്ചായത്തുകൾ സബ്സിഡികളെല്ലാം നിർത്തി.
ഇപ്പോൾ അവശേഷിക്കുന്നത് സർക്കാർ നൽകുന്ന േറായൽറ്റിയാണ്. ഹെക്ടറൊന്നിന് 2000 രൂപയാണ് സർക്കാർ റോയൽറ്റി നൽകുന്നത്. ഇത് വളരെ കുറവാണെന്നാണ് കർഷകരുടെ പരാതി.
ഏലാകളിൽ കവട, ഉൗര എന്നീ പേരുകളുള്ള കളകൾ കർഷകർക്ക് പുതിയ വെല്ലുവിളിയാകുന്നു. നെൽവിത്തിനൊപ്പം വളരുന്ന ഈ കളകൾ കനത്ത വിളനാശമാണുണ്ടാക്കുന്നത്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അതോറിറ്റിയിൽനിന്ന് കൃഷിഭവനിലൂടെ കിട്ടുന്ന നെൽവിത്താണ് കർഷകർ കൂടുതലും ഉപയോഗിക്കുന്നത്.
കഴിഞ്ഞതവണ കിട്ടിയ 'ഉമ' വിത്തിൽ കവടയുടെ വിത്തുകളും കലർന്നിരുന്നു. ഇത് പഞ്ഞപ്പുല്ലിന്റെ (റാഗി) വിത്തുപോലെ ചെറുതാണ്. തൈകൾ കണ്ടാൽ നെല്ലിന്റെ ഞാറുപോലെതന്നെ. എന്നാലിത് വളമെല്ലാം വലിച്ചെടുത്ത് കൂടുതൽ വളരും. ഒപ്പം നെൽച്ചെടികളുടെ വളർച്ച മുരടിക്കും. കവടയുടെ പൂക്കുലയ്ക്ക് നേരിയ വയലറ്റ് നിറമാണ്.
നെല്ലിന്റെ അപരനെന്ന് പറയാവുന്ന ഊര എന്ന കളയും ചിലയിടങ്ങളിലുണ്ട്. ഒറ്റനോട്ടത്തിൽ നെൽചെടിയുമായി സാമ്യമുള്ള ഇൗ കള പെട്ടെന്ന് തിരിച്ചറിയാനുമാവില്ല. കളകളെ നശിപ്പിക്കുന്നതിന് കർഷകർക്ക് വൻ ചെലവാണുണ്ടാകുന്നത്. മലയോര മേഖലകളിലെ വയലുകളിൽ വന്യമൃഗങ്ങളുടെ ശല്യവും കർഷകരെ ദുരിതത്തിലാക്കുന്നു.
രാത്രികാലങ്ങളിൽ പന്നിശല്യം രൂക്ഷമാണിവിെട. വനംവകുപ്പ് കാട്ടുമൃഗങ്ങളുടെ ശല്യം നേരിടാൻ കമ്പിവേലി നിർമിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ല. പലപ്പോഴായി കാറ്റുവീഴ്ചയും കൃഷി നശിപ്പിക്കുന്നു. വിളകൾ നശിച്ചാൽ ലഭിക്കേണ്ട വിള ഇൻഷുറൻസ് രണ്ടു വർഷമായി ലഭിക്കുന്നില്ല. ഭീമമായ ജോലിക്കൂലിയാണ് മറ്റൊരു പ്രതിസന്ധി.
നെൽകൃഷി പരിപോഷിപ്പിക്കാൻ മുൻകൈയെടുത്ത ത്രിതല പഞ്ചായത്തുകൾ കൃഷിക്കാവശ്യമായ നിരവധി ഉപകരണങ്ങൾ ലക്ഷങ്ങൾ മുടക്കിയാണ് വാങ്ങിയത്. ഇത്തരത്തിൽ വാങ്ങിയ ഉഴവ്, മെതി യന്ത്രങ്ങളെല്ലാം ഉപയോഗമില്ലാതെ പല സ്ഥലങ്ങളിലായി തുരുെമ്പടുത്ത് നശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.