പുതുവത്സര സമ്മാനമായി പഴകുറ്റി പാലം തുറക്കും -മന്ത്രി ജി.ആർ. അനിൽ
text_fieldsനെടുമങ്ങാട്: പഴകുറ്റി-വെമ്പായം റോഡിന്‍റെ പുനരുദ്ധാരണവും പഴകുറ്റി പാലം നിർമാണവും അന്തിമഘട്ടത്തിൽ. എം.സി റോഡിനെയും തെങ്കാശി അന്തർസംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കരാർ കാലാവധിക്കു മുമ്പേ പൂർത്തിയാക്കി നാടിനു സമർപ്പിക്കാനുള്ള നടപടികളാണ് ദ്രുതഗതിയിൽ മുന്നേറുന്നത്.
പൊതുജനങ്ങൾക്ക് പുതുവത്സര സമ്മാനമായി പഴകുറ്റി പാലം തുറന്നുകൊടുക്കുമെന്ന് സ്ഥലം എം.എൽ.എയും ഭക്ഷ്യ, പൊതുവിതരണ മന്ത്രിയുമായ അഡ്വ. ജി.ആർ. അനിൽ പറഞ്ഞു.
നിർമാണ പുരോഗതി വിലയിരുത്താൻ പഴകുറ്റി പാലം സന്ദർശിച്ച അദ്ദേഹം, കരാറുകാരും കെ.ആർ.എഫ്.ഡി സൂപ്പർ വിഷൻ ഉദ്യോഗസ്ഥരും റവന്യൂ-പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അപ്രോച് റോഡിന് വേണ്ടിയുള്ള സ്ലാബുകളുടെ നിർമാണം ആരംഭിച്ചതായും ആദ്യ ലെയർ ബി.എം വർക്കുകൾ പൂർത്തിയായ റോഡിൽ രണ്ടാംഘട്ട ബി.സി ടാറിങ് പ്രവൃത്തികൾ തുടങ്ങിയതായും നിർമാണ ചുമതല വഹിക്കുന്ന കെ.ആർ.എഫ്.ഡി അസി.എക്സി എൻജിനീയർ ദീപാറാണി മന്ത്രിയെ ധരിപ്പിച്ചു.
വെമ്പായം മുക്കംപാലമൂട് മുതൽ പഴകുറ്റി പാലം വരെ 7.02 കി.മീറ്റർ റോഡിന്‍റെയും പഴകുറ്റിയിലെ പ്രധാന പാലത്തിന്‍റെയും പുനർനിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മുക്കംപാലമൂട്നിന്ന് ഇരിഞ്ചയത്തിന് സമീപം താന്നിമൂട് വരെ സ്ഥലമെടുപ്പ് പൂർത്തിയാക്കി ഓടയും കലുങ്കുകളും നിർമിച്ച് ഒന്നാംഘട്ട ടാറിങ്ങും നടത്തി.
താന്നിമൂട്, വേങ്കവിള ഭാഗങ്ങളിൽ ചുരുക്കം ചിലർ സ്ഥലമെടുപ്പും ഓട നിർമാണവും അലങ്കോലമാക്കിയതാണ് ഈ ഭാഗത്തെ പ്രവർത്തനങ്ങൾ ഇഴയാൻ ഇടയാക്കിയത്.
ഡിസംബർ അവസാന വാരത്തോടെ അപ്രോച് റോഡിന്‍റെ പണികൾ പൂർത്തിയാക്കി പാലം തുറന്നു കൊടുക്കുന്നതിനു മുന്നോടിയായി താന്നിമൂട് വരെയുള്ള ഓടകളും ആദ്യഘട്ട ബി.എം ലെവൽ ടാറിങ്ങും നടത്താനാണ് സൂപ്പർ വിഷൻ വിഭാഗം തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.