പനവൂരിൽ പൊലീസ് സ്റ്റേഷൻ വരുന്നു
text_fieldsനെടുമങ്ങാട്: നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ പനവൂരിൽ പൊലീസ് സ്റ്റേഷൻ യാഥാർഥ്യമാകുന്നു. സർക്കാറിന്‍റെ നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തിയാണ് പൊലീസ് സ്റ്റേഷൻ തുടങ്ങുക. ഇതിനായി ആഭ്യന്തര വകുപ്പിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയായി. ധനവകുപ്പിന്‍റെ അനുമതികൂടി ലഭിക്കുന്നതോടെ സ്റ്റേഷൻ യാഥാർഥ്യമാകും. പുതിയ സാമ്പത്തിക വർഷത്തിൽ പ്രവർത്തനം തുടങ്ങുന്ന വിധത്തിലാണ് ഓഫിസ് ജോലികൾ പുരോഗമിക്കുന്നത്.
സ്റ്റേഷനിൽ 80 ലധികം ജീവനക്കാരുണ്ടാകും. പുതിയ കെട്ടിടം വരുന്നതുവരെ പനവൂർ പഞ്ചായത്ത് വിട്ടുനൽകുന്ന പനവൂർ ജങ്ഷനിലെ കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടമാകും സ്റ്റേഷൻ ആസ്ഥാനം. നന്ദിയോട്, ആനാട്, പനവൂർ, പുല്ലമ്പാറ പഞ്ചായത്ത് പ്രദേശങ്ങളിലെ താളിക്കുന്ന്-പേരയം റോഡ്, നന്ദിയോട്-പേരയം-പനയമുട്ടം റോഡ്, പുത്തൻപാലം-മൂഴി-പനവൂർ റോഡ്, പാങ്ങോട്-വട്ടറത്തല റോഡ്, പേരയം-ശക്തിപുരം റോഡ്, ആട്ടുകാൽ-വഞ്ചുവം റോഡ്, പനവൂർ-കൂനൻവേങ്ങ-ചുള്ളാളം-മുക്കുടിൽ റോഡ് എന്നീ പ്രദേശങ്ങളാണ് പനവൂർ സ്റ്റേഷൻ പരിധിയിൽ വരിക.
നെടുമങ്ങാട്, പാലോട്, വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ് ഇപ്പോൾ പനവൂരും പരിസരവും. സമീപകാലത്ത് പനവൂരിലും പരിസരത്തും ക്രിമിനൽ കേസുകൾ വർധിക്കുകയും പ്രശ്ന മേഖലകളിൽ സ്റ്റേഷനുകളിൽനിന്ന് പൊലീസിന് എത്തിപ്പെടാൻ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നുണ്ട്. പുതിയ സ്റ്റേഷൻ വരുന്നതോടെ ഈ പ്രദേശങ്ങളിലെ ക്രമസമാധാന പരിപാലനം കൂടുതൽ സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.