കാലിത്തീറ്റ, വയ്ക്കോൽ വിലക്കയറ്റം: ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsനെടുമങ്ങാട്: കോവിഡ് പ്രതിസന്ധിയില്‍നിന്ന് ഒരുവിധം കരകയറിയ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ, വയ്ക്കോൽ എന്നിവയുടെ വിലക്കയറ്റം പ്രതിസന്ധിയായി. മഴമാറിയതോടെ പച്ചപ്പുല്ല് കിട്ടാനില്ല. ഇന്ധന വിലവർധനയില്‍ കുരുങ്ങിയാണ് വയ്ക്കോൽ വിലക്കയറ്റം. വിവിധ സർക്കാർ സബ്സിഡികൾ നിർത്തലാക്കുകയുംകൂടി ചെയ്തതോടെ ഗ്രാമീണമേഖലയിലെ ക്ഷീരകര്‍ഷകരുടെ നടുവൊടിഞ്ഞു. പ്രതിസന്ധി മറികടക്കാനാകാതെ ചെറുകിട കര്‍ഷകര്‍ പലരും ക്ഷീരമേഖലയില്‍നിന്ന് പിന്മാറുന്ന അവസ്ഥയാണ്. ഒരു വർഷത്തിനിടയിൽ നിരവധി ക്ഷീരകര്‍ഷകരാണ് ഈ രംഗം വിട്ടത്.
തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് വയ്ക്കോല് എത്തുന്നത്. വിലകൂടിയതിനുപിന്നാലെ വയ്ക്കോലിന് ക്ഷാമവുമുണ്ട്. കനത്ത മഴയില്‍ തമിഴ്നാട്ടില്‍ വയ്ക്കോല് വ്യാപകമായി നശിച്ചതാണ് ക്ഷാമത്തിന് കാരണം. സമീപമാസങ്ങളില്‍ ഇന്ധനവില ക്രമാതീതമായി വർധിച്ചതോടെ വിലകൂടിയിരുന്നു. കെട്ടിന് അഞ്ച് രൂപ മുതല്‍ 18രൂപ വരെ വില കൂടിയ സ്ഥലങ്ങളുണ്ട്. കഴിഞ്ഞമാസം വരെ വലിയ കെട്ട് വയ്ക്കോലിന് 300-310 രൂപ വിലയായിരുന്നെങ്കിൽ ഇപ്പോള്‍ 480-500 രൂപ നൽകണം.
വിലക്കയറ്റംമൂലം വ്യാപാരികള്‍ വയ്ക്കോല് എടുക്കുന്നില്ല. പിണ്ണാക്കിന്റെയും കാലിത്തീറ്റയുടെയും വിലവർധനയും കർഷകർക്ക് താങ്ങാനാവുന്നതല്ല. പച്ചപ്പുല്ലിനും ക്ഷാമം വന്നതോടെ പാലുൽപാദനത്തിൽ വലിയ കുറവാണുണ്ടാകുന്നത്. നെടുമങ്ങാട് താലൂക്കിന്റെ വിവിധഭാഗങ്ങളിലായി പശു ഫാമുകള്‍ നടത്തിയിരുന്ന യുവാക്കൾ ഈ രംഗം ഉപേക്ഷിച്ചു. ലോക്ഡൗൺ സമയത്ത് പാൽ ആവശ്യത്തിന് വിറ്റ് പോയിരുന്നില്ല. ഹോട്ടലുകളും മറ്റും അടഞ്ഞുകിടന്നത് അന്ന് ക്ഷീരകർഷകരെ ബുദ്ധിമുട്ടിലാക്കി. പല ചെറുകിട കർഷകരും സ്വന്തമായി കറന്ന് വീടുകളിലും ഹോട്ടലുകളിലും എത്തിച്ചാണ് വിപണി കണ്ടെത്തിയത്. ക്ഷീരസഹകരണ സംഘങ്ങളിൽ നൽകുന്നവരുമുണ്ട്.
അവിടെ പാലിന്റെ സാന്ദ്രത അളന്നാണ് വില നിശ്ചയിക്കുന്നത്. പരമാവധി ലിറ്ററിന് 38 രൂപയാണ് സംഘങ്ങൾ നൽകുന്നത്. എന്നാൽ വീടുകളിലും ഹോട്ടലുകളിലുമെത്തിച്ചാൽ 50 രൂപ ലഭിക്കും.ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് മിൽമ സബ്സിഡികൾ നൽകിയിരുന്നു. ഇപ്പോൾ പലതും നിർത്തിവെച്ചിരിക്കുകയാണ്. സംഘങ്ങൾ വഴി കർഷർക്ക് നൽകുന്ന കാലിതീറ്റ മൂന്നു മാസമായി ലഭിക്കുന്നില്ല. സംഘങ്ങൾ ആവശ്യമുള്ള കാലിത്തീറ്റക്ക് ഇൻഡന്റ് നൽകി കാത്തിരിക്കുന്നു. പാലിന് നൽകുന്ന സബ്സിഡിയും വേനൽകാല ഇൻസെന്റിവും കർഷകർക്ക് ലഭിച്ചിട്ട് നാളുകളായി. മിൽമയുടെ സൗജന്യ മൃഗചികിത്സയും നിർത്തലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.