ചിറ നവീകരണം നിലച്ചു; നടവഴിയില്ലാതെ 35 കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsനെടുമങ്ങാട്: ചിറ നവീകരണം പാതിവഴിയിൽ നിലച്ചതോടെ നഗരസഭയിലെ കല്ലുവരമ്പ് വാർഡിലെ കിഴക്കേകോണത്തെ 35ഓളം കുടുംബങ്ങൾ നട വഴിയില്ലാതെ ബുദ്ധിമുട്ടിൽ. കിഴക്കേകോണം ചിറയുടെ വശത്തെ വഴി സംരക്ഷണ ഭിത്തി കെട്ടുന്നതിനായി കുഴിച്ചതോടെയാണ് ദുരിതം തുടങ്ങിയത്.
മണ്ണിടിച്ചിലിനെ തുടർന്നാണ് നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 17ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി നിർമിക്കാൻ കരാർ നൽകിയത്. മാർച്ചിൽ15 ദിവസംകൊണ്ട് പണി തീർക്കുമെന്ന ഉറപ്പിൽ റോഡ് പൊളിച്ച് ജോലി ആരംഭിച്ചു. താൽക്കാലികമായി നട വഴിയായി ചിറയുടെ മറുവശവും ശരിയാക്കി. വാഹനങ്ങൾ ചിറക്ക് സമീപം പാർക്കു ചെയ്യാനുള്ള സൗകര്യവും ഒരുക്കി.
പിന്നീട് ജോലികൾ സമയത്ത് തീർക്കാതെ കരാറെടുത്ത നെടുമങ്ങാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ഉഴപ്പി. മഴ തുടങ്ങിയതോടെ താൽക്കാലിക നടപ്പാതയിൽ വെള്ളം കയറിയതായും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അപകടം സംഭവിക്കാനുള്ള സാഹചര്യവുമാണ് നിലവിലുള്ളതെന്നു നാട്ടുകാർ പറഞ്ഞു. എത്രയും വേഗം പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.