യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ആറുപേർ പിടിയിൽ
text_fieldsനെടുമങ്ങാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് നാഗച്ചേരി കല്ലടക്കുന്ന് പാറയിൽ വീട്ടിൽ രവിയുടെ മകൻ രതീഷിനെ (40) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചുള്ളിമാനൂർ കരിങ്കട വി.വി. ഹൗസിൽ വിനീത് (38), ആനാട് നാഗച്ചേരി കല്ലടക്കുന്ന് തടത്തരികത്ത് വീട്ടിൽ മിഥുൻ (32), പനയമുട്ടം റോഡരികത്ത് വീട്ടിൽ റിയാസ് (26), ആനാട് നാഗച്ചേരി അഖിൽ ഭവനിൽ അതുൽരാജ് (25), പനവൂർ മൊട്ടക്കാവ് ചാവറക്കോണം നിസാം മൻസിലിൽ നിസാമുദ്ദീൻ (35), പനവൂർ പുനവക്കുന്ന് വട്ടറതല അയനിക്കാട് വീട്ടിൽ കിരൺ (36) എന്നിവരെയാണ് നെടുമങ്ങാട് സിഐ എസ്. സതീഷ് കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് ആനാട് ടർഫിൽവെച്ച് രതീഷും വിനീതും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് വിനീതും സുഹൃത്തുക്കളായ മറ്റ് അഞ്ചുപേരും ചേർന്ന് രതീഷിനെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ രതീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി സംഭവത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട് പുലർച്ച കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന സംഘത്തെ ഫോൺ ട്രയ്സ് ചെയ്താണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.