സൂര്യഗായത്രി കൊലക്കേസ്: പ്രതി കുറ്റക്കാരനെന്ന വിധിയിൽ സന്തോഷമെന്ന് മാതാവ്
text_fieldsനെടുമങ്ങാട്: മകൾ സൂര്യ ഗായത്രിയെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സന്തോഷം നൽകുന്നതാണെന്ന് മാതാവ് വത്സല. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യ ഗായത്രിയെ (20) വീട്ടിൽകയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പേയാട് വാറുവിളാകത്തുവീട്ടിൽ അരുൺ (28) കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് വിധി പറഞ്ഞത്.
നെടുമങ്ങാട് റവന്യൂ ടവർ പരിസരത്തിരുന്ന് പതിവുപോലെ ലോട്ടറി കച്ചവടം നടത്തുന്ന വത്സല പൊലീസുകാർ പറഞ്ഞാണ് കോടതി വിധി അറിഞ്ഞത്. വെള്ളിയാഴ്ച ശിക്ഷ വിധിക്കുമ്പോൾ ഏകമകളെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് അർഹിച്ച ശിക്ഷതന്നെ ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്.
വികലാംഗയായ വത്സല തറയിലിരുന്ന് ഇഴഞ്ഞാണ് സഞ്ചരിക്കുന്നത്. ദിവസവും ഉഴപ്പാക്കോണത്തെ വീട്ടിൽനിന്ന് നെടുമങ്ങാട് ടൗണിലെത്തിയാണ് വത്സല ലോട്ടറി കച്ചവടം നടത്തുന്നത്. ഇവരുടെ അധ്വാനത്തിലൂടെയാണ് കുടുംബത്തെ പോറ്റുന്നത്. 2021 ആഗസ്റ്റ് 30നായിരുന്നു സൂര്യ ഗായത്രിക്ക് കുത്തേറ്റത്.
ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 31ന് പുലർച്ചെ രണ്ടോടെ സൂര്യ ഗായത്രി മരിച്ചു. സൂര്യ ഗായത്രി ഭർത്താവ് രതീഷുമായി പിണങ്ങി അമ്മ വത്സലയോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകയറി അരുൺ കൈയിൽ കരുതിയ കത്തികൊണ്ട് സൂര്യഗായത്രിയുടെ വയറിലും കൈയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 15 തവണ കുത്തി.
തടസ്സംപിടിക്കാൻ ചെന്ന വത്സലയുടെ കൈയിലും കുത്തേറ്റിരുന്നു. വിവാഹ അഭ്യർഥന നിഷേധിച്ചതാണ് മകളെ അരുൺ കൊലപ്പെടുത്താൻ കാരണമെന്ന് വത്സല പറഞ്ഞു. അരുൺ മോഷണക്കേസിലെ പ്രതിയാണെന്നറിഞ്ഞാണ് വിവാഹാലോചന നിരസിച്ചത്. ഒരിക്കൽ പ്രതി അരുൺ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തുകയും മോളുടെ മാലയും മൊബൈലും തട്ടിപ്പറിക്കുകയും ചെയ്തിരുന്നു.
അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ആര്യനാട് എസ്.ഐ അരുണിനെ അന്ന് താക്കീത് നൽകി വിട്ടയച്ചു. ആ സംഭവത്തിന് ശേഷമാണ് സൂര്യ ഗായത്രിയുടെ വിവാഹം കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.