പിടിച്ചുപറി കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി
text_fieldsനെടുമങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. വർക്കല വെട്ടൂർ നെടുങ്ങണ്ട തോണ്ടൽ തെക്കതു വീട്ടിൽ ജഹാംഗീർ (42) ആണ് കോടതിയിൽ കീഴടങ്ങിയത്.
നെടുമങ്ങാട് കുളവിക്കോണം അബിയ ഗോൾഡ് ജുവലറി നടത്തി വന്ന ജീമോനെ തട്ടിക്കെണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കൈവശമുണ്ടായിരുന്ന അഞ്ചുലക്ഷത്തി അറുപതിനായിരം രൂപ കൈക്കലാക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്തുന്നതിന് ഊർജിതശ്രമം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ 19ന് ഉച്ചക്ക് 12.30ഓടെ കാറിൽ കുളവിക്കോണം അബിയ ഗോൾഡ് ജുവലറിയിലെത്തിയ ജഹാംഗീർ ചുള്ളിമാനൂരുള്ള ഫൈനാൻസ് സ്ഥാപനത്തിൽ പണയം വച്ചിട്ടുള്ള സ്വർണം തിരികെ എടുക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് ജീമോനെ കാറിൽ കയറ്റിക്കൊണ്ട് പോയി.
വഴിയിൽ നിന്നു മറ്റു മൂന്ന് പേരേയും കയറ്റി വലിയമല ഐ.എസ്.ആർ.ഒ ജങ്ഷനു സമീപം വച്ച് ജീമോനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച് കൈവശമുണ്ടായിരുന്ന പണം പിടിച്ചുപറിക്കുകയായിരുന്നു. ഈ കേസിലെ രണ്ടും നാലും പ്രതികളായ വർക്കല വെട്ടൂർ അക്കരവിള കുഴിവിള വീട്ടിൽ പൂട എന്നു വിളിക്കുന്ന ഷംനാദ് (35), വർക്കല വില ജഗന്നാഥപുരം ചരുവിള വീട്ടിൽ കപ്പലണ്ടി എന്നു വിളിക്കുന്ന റിയാദ് (32) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
കളവുമുതൽ സൂക്ഷിച്ചതിന് ജഹാംഗീറിന്‍റെ മകൻ ജവാദ് (18) അഞ്ചാം പ്രതിയും ഭാര്യ ഷെമീന ആറാം പ്രതിയുമാണ്. ജവാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്നാം പ്രതിയും ആറാം പ്രതിയായ ഷെമീനയും ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.