മണ്ണിടിഞ്ഞ് തോട്ടിലെ ഒഴുക്ക് നിലച്ചു; റോഡിലും വീടുകളിലും വെള്ളം കയറി
text_fieldsനെടുമങ്ങാട്: വേങ്കവിള രാമപുരം യു.പി സ്കൂളിന്റെ ചുറ്റുമതിലിനോട് ചേർന്നുള്ള മൺതിട്ട തകർന്ന് തോട്ടിലേക്ക് വീണ് ഒഴുക്ക് തടസ്സപ്പെട്ടു, സമീപത്തെ റോഡിലും വീടുകളിലും വെള്ളം കയറി.
മണ്ണിനൊപ്പം ഒരു മരക്കുറ്റിയും തോട്ടിൽ വീണതാണ് ഒഴുക്ക് പൂർണമായി തടസ്സപ്പെടാൻ കാരണം. നെടുമങ്ങാട് അഗ്നിരക്ഷസേന എത്തി മുരക്കുറ്റി ഭാഗികമായി മുറിച്ചുമാറ്റി ഒഴുക്ക് പുനഃസ്ഥാപിച്ചതോടെ റോഡിലും വീടുകളിലും കയറിയ വെള്ളമിറങ്ങി.
സ്റ്റേഷൻ ഓഫിസർ കെ.എൻ. ഷാജിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ നിസാറുദീൻ, ഫയർ ഓഫിസർമാരായ ഷാജഹാൻ, അജേഷ് കുമാർ, അരുൺ, മനു, ഹോം ഗാർഡുമാരായ സതീഷ്, റജി കുമാർ എന്നിവർ ചേർന്നാണ് മരക്കുറ്റി മുറിച്ചുമാറ്റിയത്.
സ്കൂളിന്റെ ഇരുനില കെട്ടിടത്തിനോട് ചേർന്നുള്ള മൺതിട്ട കുറച്ചു നാളുകളായി ഇടിഞ്ഞുവീഴുന്നുണ്ടായിരുന്നു. കെട്ടിടത്തിന് ഭീഷണിയാണെന്നും സംരക്ഷണ ഭിത്തി നിർമിക്കണമെന്നും ആവശ്യമുയർന്നിരുന്നു. മണ്ണിടിയുന്നത് കെട്ടിടത്തിന് ഭീഷണിയാണെന്നുകാട്ടി കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതിനിടയിലാണ് വലിയൊരു ഭാഗം ബുധനാഴ്ച തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.