കുടുംബ കോടതിയിൽനിന്ന് ഇറങ്ങിയ യുവതിയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് കുടുംബ കോടതിയിൽനിന്ന് ഇറങ്ങിയ യുവതിയെ റോഡിൽ വെച്ച് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. കല്ലറ കുറുമ്പയം കഴുകൻപച്ച വി.സി ഭവനിൽ രഞ്ജിത്താണ് (35) അറസ്റ്റിലായത്. ഇരുവരും തമ്മിലെ തർക്കം നെടുമങ്ങാട് കുടുംബ കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞദിവസം വിചാരണ കഴിഞ്ഞിറങ്ങിയ കല്ലറ സ്വദേശിയായ യുവതിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പിന്തുടർന്നെത്തിയ രഞ്ജിത്ത് അമ്മയോടൊപ്പം ബസിൽ കയറുകയായിരുന്ന യുവതിയെ വലിച്ചുതാഴെയിട്ട് ദേഹോദ്രവം ഏൽപിക്കുകയായിരുന്നു. വിചാരണക്കിടെ ഇരു കക്ഷികളോടും പരസ്പരം എന്തെങ്കിലും സംസാരിക്കാനുണ്ടൊ എന്ന് ജഡ്ജി ചോദിച്ചപ്പോൾ യുവതി ഇല്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായാണ് രഞ്ജിത്ത് യുവതിയെ മർദിച്ചത്.
കണ്ടുനിന്ന നാട്ടുകാരിൽ ചിലർ പ്രതിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. പ്രതി ഇവരുമായും പിടിവലി നടത്തി. ഒടുവിൽ നെടുമങ്ങാട് പൊലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് യുവതിയെ രക്ഷിച്ചത്.
പ്രതി മുമ്പും യുവതിയെ ദേഹോപദ്രവം ഏൽപിച്ചിട്ടുണ്ട്. അതിന് പാങ്ങോട് പൊലീസ് കേസെടുത്തിരുന്നു. നെടുമങ്ങാട് കുംടുംബ കോടതിയിൽനിന്ന് യുവതി ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങിയിട്ടുണ്ട്. ഇത് ലംഘിച്ചതിനും പൊതുസ്ഥലത്തുവെച്ച് സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയും അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.