ബാങ്കിൽനിന്ന് പിൻവലിച്ച പണം കവർന്ന സംഭവം: സി.സി ടി.വി ദൃശ്യങ്ങൾ കിട്ടിയിട്ടും പ്രതികൾ കാണാമറയത്ത്
text_fieldsനെടുമങ്ങാട്: ബാങ്കിൽ നിന്ന് പിൻവലിച്ച പണം കവർന്ന സംഭവത്തിൽ പ്രതികളെ ഇനിയും പിടികൂടിയില്ല. ആസൂത്രിത കവർച്ചയാണ് കഴിഞ്ഞ 26ന് നെടുമങ്ങാട്ട് നടന്നത്. കവർച്ചയ്ക്ക് പിന്നിൽ നാലംഗ സംഘമെന്നാണ് റിപ്പോർട്ട്.
ബാങ്കിന് അകത്തും പുറത്തുമായി നിലയുറപ്പിക്കുന്ന സംഘം വലിയ തുക പിൻവലിക്കുന്നവരെ പിന്തുടർന്ന് പണം തട്ടിയെടുക്കുകയാണ് രീതി. സിനിമാ സ്റ്റൈൽ മോഷണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല.
നെടുമങ്ങാട് സ്വദേശി സിയാദ് ബന്ധുവിന് നൽകാൻ വേണ്ടി കാനറാ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചു സ്കൂട്ടറിൽ പഴകുറ്റിയിൽ കാത്തുനിന്ന ബന്ധു ഹുസൈന്റെ അടുത്തെത്തി. ഇവിടെവച്ചു പണം ഹുസൈന് കൈമാറി. പണവുമായി കാറിൽ വെമ്പായം ഭാഗത്തേക്ക് പോയ ഹുസൈൻ താന്നിമൂട് ജംഗ്ഷനിൽ വെള്ളം കുടിക്കാൻ കാർ നിർത്തി കടയിൽ കയറി. നാരങ്ങ വെള്ളം കുടിച്ചു തിരികെ വന്നു കാറിൽ കയറിയപ്പോൾ പണം സൂക്ഷിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡ് തുറന്നു കിടക്കുകയും പണം നഷ്ടപ്പെട്ടതും അറിഞ്ഞു.
ബൈക്കിൽ വന്ന രണ്ടുപേരിൽ ഒരാൾ കാറിൽ കയറിയ ശേഷം ഇറങ്ങിപ്പോയത് കണ്ടതായി ജംഗ്ഷനിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞുവത്രേ. രാവിലെ പത്തിന് ബാങ്കിൽ ഇടപാടുകാരുടെ തിരക്കുണ്ടാകുന്ന സമയത്ത് പ്രതികൾ രണ്ട് ബൈക്കുകളിലായി എത്തുന്നത് ദൃശ്യങ്ങളിൽ കാണാം. നാല് പേരടങ്ങുന്ന സംഘത്തിൽ രണ്ട് പേർ ബാങ്കിനകത്ത് പ്രവേശിക്കുകയും രണ്ട് പേർ പുറത്ത് കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറ്റവും കൂടുതൽ പണം പിൻവലിക്കുന്നവരെ കണ്ടെത്തി അവരെ പിന്തുടർന്ന് പണം കവരാനാണ് രണ്ട് പേർ ബാങ്കിനുള്ളിൽ നിലയുറപ്പിക്കുന്നതെന്ന് കരുതുന്നു.
സിയാദ് സ്കൂട്ടറിൽ പഴുകുറ്റിയിലെത്തി ഹുസൈനു പണം കൈമാറുകയും ഹുസൈൻ പണം കാറിൽ സൂക്ഷിക്കുന്നതും നിരീക്ഷിച്ച പ്രതികൾ കാറിന് അടുത്തും കടയ്ക്ക് മുമ്പിലായും നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയപ്പോൾ പൊലീസിന്റെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടായില്ലന്ന് ആക്ഷേപമുണ്ട്.
ബൈക്ക് നമ്പർ ബാങ്ക് ഉദ്യോഗസ്ഥന്റേത്
നെടുമങ്ങാട്: ഒടുവിൽ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്ക് കോട്ടയം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെയാണ് പ്രതികൾ ബൈക്കിൽ സഞ്ചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.