ജില്ല ആശുപത്രിയിൽ സെപ്റ്റിക് ടാങ്കും ഡ്രെയിനേജ് പൈപ്പുകളും പൊട്ടി മലിനജലം കെട്ടിക്കിടക്കുന്നു
text_fieldsനെടുമങ്ങാട്: ജില്ല ആശുപത്രിയിൽ സെപ്റ്റിക് ടാങ്കും ഡ്രെയിനേജ് പൈപ്പുകളും പൊട്ടി മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം പരത്താൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പരിഹരിക്കാൻ നടപടിയില്ല. നിരവധി വാർഡുകളും ഓപറേഷൻ തിയറ്ററുകളും പ്രവർത്തിക്കുന്ന കിഴക്ക് വശത്തുള്ള ബഹുനില കെട്ടിടത്തിനാണ് ഈ ദുർഗതി.
കെട്ടിടത്തിന്റെ പിറകുവശത്ത് മാലിന്യം കെട്ടിക്കിടന്ന് പുഴുക്കൾ നിറയുകയും കൊതുക് പെരുകുകയും ചെയ്യുന്നു. ഇവിടേക്ക് ആശുപത്രി അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ലെങ്കിലും ഇതിനോട് ചേർന്ന് വീടുകളിൽ കഴിയുന്നവർ ബുദ്ധിമുട്ടിലാണ്.
ദുർഗന്ധവും കൊതുകും കാരണം ജീവിതം തന്നെ വഴിമുട്ടിയ പരിസരവാസികൾ നിരവധി തവണ ആശുപത്രി സുപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. വാർഡുകളിൽ കഴിയുന്നവരും ഏറെ പ്രയാസത്തിലാണ്.
ആറുമാസത്തോളമായി ഈ സ്ഥിതി തുടരുമ്പോഴും ആശുപത്രി വികസന സമിതിയോ ആശുപത്രി ചുമതലയുള്ള ജില്ല പഞ്ചായത്തോ പ്രശ്നത്തിൽ ഇടപെടാത്തത് ജനങ്ങളെ വലയ്ക്കുന്നു. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമീപവാസികൾ വീടൊഴിഞ്ഞുപോകേണ്ട അവസ്ഥയാണെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.